കൊച്ചി: മോഷണം പോയ സൈക്കിളിന് പകരമായി വിദ്യാഭ്യാസ മന്ത്രി നൽകിയ സൈക്കിളും മോഷ്ടിച്ച് കള്ളൻ. പത്താം ക്ലാസുകാരിയായ സി ജി അവന്തികയ്ക്ക് ആണ് ഈ ദുരനുഭവം ഉണ്ടായത്. സൈക്കിൾ കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയെങ്കിലും മോഷണം പോയ സൈക്കിൾ ഇതുവരെ കണ്ടെത്താനായില്ല.(Avantika’s Bicycle Stolen Again)
സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അവന്തികയ്ക്ക് സൈക്കിൾ സമ്മാനിച്ച വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് മന്ത്രി സമ്മാനിച്ച സൈക്കിളാണ് ഇത്തവണ മോഷണം പോയത്. വെള്ളിയാഴ്ച രാവിലെയാണ് സൈക്കിൾ കാണാനില്ലെന്ന കാര്യം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് വീട്ടിലെ സിസി ടിവിയിൽ നോക്കിയപ്പോൾ പുലർച്ചെ 4.30നായിരുന്നു മോഷണം നടന്നതെന്ന് തിരിച്ചറിഞ്ഞു. മഴക്കോട്ട് ധരിച്ചിരുന്ന കള്ളന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
പാലാരിവട്ടം പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് വൈറ്റില പാലത്തിനടിയിൽ സ്ഥിരമായി കഴിയുന്ന മദ്യപനാണ് കള്ളനെന്ന് മനസിലായി. ഇയാൾ കസ്റ്റഡിയിലുണ്ടെന്നും മോഷണ മുതൽ കണ്ടെത്തിയിട്ടില്ലെന്നും അതിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നുമാണ് പൊലീസ് അറിയിച്ചത്.
തമ്മനത്ത് പച്ചക്കറി കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളായ അവന്തിക എല്ലാ വിഷയങ്ങളും എ പ്ലസോടെയാണ് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്ന് ഇത്തവണ പാസായത്. വാടക വീട്ടിലാണ് അവന്തികയും കുടുംബവും താമസിക്കുന്നത്.
Read Also: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്
Read Also: തൊടുപുഴ നെല്ലാപ്പാറയിൽ വളവിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപ്പേർക്ക് പരിക്ക്
Read Also: തൊടുപുഴ നെല്ലാപ്പാറയിൽ വളവിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപ്പേർക്ക് പരിക്ക്