അറവുമാലിന്യം കൊണ്ടിട്ടതിന് പരാതിപ്പെട്ട ഓട്ടോറിക്ഷഡ്രൈവറെ മർദിച്ച് പണം കവർന്നു
തിരുവല്ലത്ത് വീടിനു സമീപം അറവുമാലിന്യം കൊണ്ടിടുന്നതിനെതിരെ പരാതിയുന്നയിച്ച ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ചവശനാക്കി. പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയും മൊബൈൽ ഫോണും കവർന്നു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന കമലേശ്വരം തോട്ടം ടിസി 41/ 2521 മണ്ണാവിളാകം വീട്ടിൽ രാഹുൽ(26), പുത്തൻപളളി പുതുവൽപുത്തൻവീട്ടിൽ ടിസി46/238 ൽ ഷിഹാസ്(25), പാച്ചല്ലൂർ പാറവിള തെക്കേവിളാകം മേലെ പുത്തൻവീട്ടിൽ റമീസഖാൻ (23) എന്നിവരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.
പാച്ചല്ലൂർ തോപ്പടി ജങ്ഷന് സമീപം താമസിക്കുന്ന രതീഷിനെ(43) ആണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ 31-ന് രാത്രി ഒൻപതരയോടെ പാച്ചലൂർ തോപ്പടിയിലായിരുന്നു സംഭവം.
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുകായിരുന്ന രതീഷിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തിയശേഷം മുഖത്തു നെഞ്ചിലും ദേഹത്തിന്റെ മറ്റിടങ്ങളിലും ഇടിച്ചും അടിച്ചും പരിക്കേൽപ്പിക്കുകായിരുന്നു.
അടിയേറ്റ് രതീഷ് നിലവിളിച്ചതോടെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽഫോണും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ഫോർട്ട് അസി. കമ്മീഷണർ ബിനു നേത്യത്വത്തിൽ എസ്. ഐ. മാരായ കെ. എസ്. മഹേഷ്,അരുൺ, എ.എസ്.ഐ. അനു, സി.പി.ഒ. കെ.കെ. ഷിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.









