പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ ശേഷം ആക്രമിച്ചതായി പരാതി. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഇന്നലെ രാത്രിയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
മൂന്നംഗസംഘമാണ് നൗഷാദിനെ ആക്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സമീപവാസികൾ ബഹളം കേട്ട് എത്തിയെങ്കിലും സംഘം ഉടൻ കാറിൽ ഇയാളുമായി കടന്നു കളയുകയായിരുന്നു.
തട്ടിക്കൊണ്ടുപോയവർ മുഖം മൂടിയിട്ടതിനാൽ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയിൽ രാത്രി പതിനൊന്നോടെ മകൻറെ ഫോണിലേക്ക് കോൾ വരുകയായിരുന്നു. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ് നൗഷാദ് പറഞ്ഞു.
തുടർന്ന് ബന്ധുക്കൾ നവക്കരയിൽ എത്തുകയായിരുന്നു. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.