കടൽത്തീരത്ത് അടിഞ്ഞ 90 ലധികം കൊലയാളി തിമിംഗലങ്ങളെ കൊല്ലാൻ തീരുമാനിച്ചുറച്ച് ഓസ്‌ട്രേലിയയിലെ ടാൻസ്മാനിയൻ സർക്കാർ. പരുക്കൻ കടൽസാഹചര്യങ്ങൾ മൂലം ഇവയെ കടലിലേക്ക് തിരിച്ചയയ്ക്കാന സാധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് ആർതർ നദിക്ക് സമീപം 150-ലധികം തിമിംഗലങ്ങളാണ് തീരത്ത് കുടുങ്ങികിടക്കുന്നത്.
ഇന്ന് രാവിലെ വരെ ഇവയിൽ 90 എണ്ണത്തിന് മാത്രമാണ് ജീവൻ നിലനിർത്താൻ കഴിഞ്ഞത്. രണ്ടെണ്ണത്തെ രക്ഷാപ്രവർത്തകർ തിരികെ കടലിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റും കടൽക്ഷോഭവും കാരണം അവയും വീണ്ടും തീരത്തേക്ക് തിരിച്ചെത്തുകയായിരുന്നു. തിമിംഗലങ്ങൾ കടൽത്തീരത്ത് പരന്നുകിടക്കുന്നതായി ആകാശ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്, ചിലത് പകുതി മണലിൽ കുഴിച്ചിട്ട നിലയിലായിരുന്നു മറ്റുള്ളവ പാറക്കെട്ടുകൾക്ക് സമീപം ആഴം കുറഞ്ഞ വെള്ളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഇതിന് മുമ്പ് ടാസ്മാനിയയിൽ ഇത്രയധികം കൊലയാളി തിമിംഗലങ്ങൾ കുടുങ്ങിയത്50 വർഷം മുമ്പ് 1974 ജൂണിൽ ആയിരുന്നു. ദ്വീപിന്റെ വടക്കൻ തീരത്തുള്ള ബ്ലാക്ക് റിവർ ബീച്ചിൽ 160 മുതൽ 170 വരെ എണ്ണമാണ് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഏറ്റവും പുതിയ സംഭവവികാസത്തിൽ മൃഗങ്ങളുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിന് ദയാവധം ചെയ്യാനുള്ള തീരുമാനമെടുത്തതായാണ് വിവരം. അടുത്തിടെ തീരത്ത് കുടുങ്ങിയ കൊലയാളി തിമിംഗലങ്ങളെ കൂടുതൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റാൻ യന്ത്രസാമഗ്രികൾ ഉപയോഗിക്കേണ്ടി വന്നിരുന്നു.
തിമിംഗലങ്ങൾ സാധാരണഗതിയിൽ 500 കിലോഗ്രാം മുതൽ മൂന്ന് ടൺ വരെ ഭാരമുള്ളവയാണ്. തിമിംഗലങ്ങൾ വലുതായതിനാൽ വിട്ടുനിൽക്കാൻ പൊതുജനങ്ങൾക്ക് മുമ്പ് മുന്നറിയിപ്പും നൽകിയിരുന്നു. തിമിംഗലങ്ങൾ ടാസ്മാനിയയിലെ ഒരു സംരക്ഷിത ഇനമായതിനാൽ ശവശരീരത്തിൽ തൊടുന്നത് പോലും കുറ്റകരമാണ്. കടൽത്തീരത്ത് തിമിംഗലങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും ഏകദേശം ആറ് മണിക്കൂർ മാത്രമേ അവയ്ക്ക് കരയിൽ നിലനിൽക്കാൻ കഴിയൂ എന്നുമാണ് മൃഗങ്ങളുടെ പെരുമാറ്റ വിദഗ്ധരും സമുദ്ര ശാസ്ത്രജ്ഞരും പറയുന്നത് .