ഓസ്‌ട്രേലിയൻ ഡോക്ടർ 92-ാം വയസ്സിൽ അച്ഛനായി; 37 വയസ്സുള്ള ഭാര്യ ജന്മം നൽകിയത് ആൺകുട്ടിക്ക്
ഓസ്‌ട്രേലിയ: ജീവിതത്തിന്റെ ഒൻപതാം ദശകത്തും അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഡോക്ടർ ഡോ. ജോൺ ലെവിൻ (93). 92-ാം വയസ്സിൽ അച്ഛനായ ഈ വാർത്ത ലോകമൊട്ടാകെ ശ്രദ്ധ നേടി.
37 വയസ്സുള്ള ഭാര്യ ഡോ. യാനിംഗ് ലു കുഞ്ഞിന് ജന്മം നൽകിയതോടെ, 2024 ഫെബ്രുവരിയിൽ അവരുടെ മകൻ ഗാബി ഈ ലോകത്തെത്തി.
ജനറൽ പ്രാക്ടീഷണറും ആന്റി-ഏജിംഗ് മെഡിസിൻ വിദഗ്ധനുമായ ഡോ. ലെവിൻ്റെ ജീവിതം എപ്പോഴും ആവേശകരമായിരുന്നു.
ഗാബി അദ്ദേഹത്തിന്റെ മൂന്നാമത്തെ കുട്ടിയാണ്. എന്നാൽ ഈ സന്തോഷത്തിനിടയിൽ തന്നെ, ഒരു വേദനാജനക സംഭവവും ഉണ്ടായിരുന്നു — ഗാബി ജനിക്കുന്നതിന് വെറും അഞ്ച് മാസം മുമ്പ്, മോട്ടോർ ന്യൂറോൺ രോഗത്തെത്തുടർന്ന് ലെവിൻ്റെ 65 വയസ്സുള്ള മൂത്ത മകൻ ഗ്രെഗ് അന്തരിച്ചു.
തന്റെ ആദ്യ ഭാര്യയുടെ മരണശേഷം ഏകാന്തതയിൽ ആയിരുന്ന ഡോ. ലെവിൻ, മനസ്സിനെ തിരിക്കാൻ ഒരു പുതിയ ഭാഷ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നു മാൻഡറിൻ ഭാഷയും അധ്യാപികയായ ഡോ. യാനിംഗ് ലുവും.
തുടക്കത്തിൽ, ലെവിൻ നല്ലൊരു വിദ്യാർത്ഥിയല്ലായിരുന്നു. “അദ്ദേഹം വളരെ മോശം വിദ്യാർത്ഥിയായിരുന്നു. മൂന്നാം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ക്ലാസ് നിർത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടു,” ലു ചിരിച്ച് ഓർത്തെടുക്കുന്നു.
(ഓസ്‌ട്രേലിയൻ ഡോക്ടർ 92-ാം വയസ്സിൽ അച്ഛനായി)
എങ്കിലും, അധ്യാപനബന്ധം അവസാനിച്ചശേഷം ഇരുവരും സൗഹൃദം തുടരുകയും അത് പ്രണയത്തിലേക്ക് വളരുകയും ചെയ്തു. പിന്നീട് ഡോ. ലെവിൻ ലുവിനെ അത്താഴത്തിന് ക്ഷണിച്ചു. ആ ബന്ധം 2014-ൽ ലാസ് വേഗാസിൽ വിവാഹത്തിൽ കലാശിച്ചു.
കോവിഡ് മഹാമാരി മാറ്റിയ തീരുമാനം:
വർഷങ്ങളോളം കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്ന ഈ ദമ്പതികൾക്ക്, കോവിഡ് മഹാമാരിയാണ് മനസിൽ മാറ്റം വരുത്തിയത്.
“അദ്ദേഹം മരിച്ചാലും, അദ്ദേഹത്തിന്റെ അംശം ഈ ലോകത്ത് നിലനിൽക്കണം” എന്ന ആഗ്രഹമാണ് ലുവിനെ പ്രചോദിപ്പിച്ചത്.
ഐ.വി.എഫ്. വഴി ഗർഭധാരണം:
പ്രായപരമായ വെല്ലുവിളികളാൽ സ്വാഭാവിക ഗർഭധാരണം അസാധ്യമായതിനാൽ, ദമ്പതികൾ ഐ.വി.എഫ്. (In Vitro Fertilisation) വഴി കുഞ്ഞിനായുള്ള ശ്രമം ആരംഭിച്ചു.
അതിന്റെ ഫലമായാണ് ഗാബിയുടെ ജനനം. ഇന്നും ആരോഗ്യം നിലനിർത്തി തന്റെ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കുന്ന 93 വയസ്സുകാരനായ ഡോ. ലെവിൻ, ജീവിതം പ്രായം നോക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.









