കൊച്ചി: ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പുതിയ കേസ്.(Attempt to influence the complainant actress; Another case against VS Chandrasekaran)
ആദ്യഘട്ടത്തില്‍ നടി മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രശേഖരനും സുഹൃത്തും ചേര്‍ന്ന് നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. സിനിമയില്‍ നേരിട്ട മോശം അനുഭവം സംബന്ധിച്ച യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു വി എസ് ചന്ദ്രശേഖരന്‍ കെപിസിസി നിയമസഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചത്. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നുവെന്നായിരുന്നു പ്രതികരണം.
ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അഡ്വ. ചന്ദ്രശേഖരന്‍ എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.