മാവോയിസ്റ്റ് ആണെന്ന് നടിച്ച് അച്ഛനെ ഭീഷണിപ്പെടുത്തി 35 ലക്ഷം തട്ടാൻ ശ്രമം; മകൻ അറസ്റ്റിൽ
ഭുവനേശ്വർ ∙ ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ മാവോയിസ്റ്റ് ആണെന്ന് നടിച്ച് പിതാവിൽ നിന്ന് 35 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ പ്രമുഖ കോൺട്രാക്ടറായ ദിനേശ് അഗർവാളിന്റെ മകൻ അങ്കുഷ് അഗർവാൾ (24) ആണ് പിടിയിലായത്. ഒക്ടോബർ 6ന് അങ്കുഷ് തന്റെ പിതാവിന്റെ കാറിനുള്ളിൽ ഒരു ഭീഷണി കത്ത് ഉപേക്ഷിച്ചു.
കത്തിൽ താൻ ഒരു മാവോയിസ്റ്റാണെന്ന് പറഞ്ഞ് 35 ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ ഞെട്ടിയ പിതാവ് ഉടൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ, കത്തിൽ പരാമർശിച്ച മാവോയിസ്റ്റ് പേരുകൾ തെറ്റായിരുന്നതും ഭാഷാപിശകുകൾ ഉണ്ടായിരുന്നതും പൊലീസ് ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ ഭീഷണിക്കത്ത് യഥാർത്ഥ മാവോയിസ്റ്റ് സംഘത്തിന്റെതല്ലെന്ന് സംശയിച്ചു. കത്തിൽ കുടുംബത്തെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെട്ടിരുന്നതും പൊലീസിന്റെ സംശയങ്ങൾ ശക്തമാക്കി.
ഫോണും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതോടെ, കത്ത് എഴുതിയത് അങ്കുഷ് തന്നെയാണെന്ന് തെളിഞ്ഞു. പിതാവിന്റെ പണം തട്ടിയെടുക്കാനുള്ള ശ്രമം സമ്മതിച്ചതിനെ തുടർന്ന് അങ്കുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.









