സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍ററുമുണ്ടെന്നാണ് റിപ്പോർട്ട്. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍റർ മുഹമ്മദ് റേസ സഹേദിയടക്കമുള്ളവർ കൊല്ലപ്പെട്ടെന്ന വാർത്ത അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചു. ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.
