ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തില്‍ വിനു (43), പത്താം പ്രതി താഴ്ചയില്‍ സുധീഷ് (27), നാലാം പ്രതി മുതലക്കോടം ഈന്തുങ്കല്‍ വീട്ടില്‍ ജഗന്‍ (51) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ അമൽദേവ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.(Attack on film workers in Thodupuzha; Four people were arrested)
13ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയിലെ ആർട്ട് ജീവനക്കാരായ കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റ് നിര്‍മാണത്തിന് തൊടുപുഴയിൽ എത്തിയതായിരുന്നു ഇവര്‍.
രണ്ട് ലോഡ്ജുകളിലായി ആറ് പേരാണ് താമസിച്ചിരുന്നത്. ഇതിൽ തൊടുപുഴ ഗവ. ബോയ്‌സ് സ്‌കൂളിനടുത്ത് താമസിച്ചിരുന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുഡ്‌സ് വാഹന ഡ്രൈവറായ അമല്‍ദേവുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കേസില്‍ 14 പ്രതികളുണ്ടെന്നും പൊലീസ് അറിയിച്ചു.