മോസ്കോ∙ വിമാനത്താവളത്തില്‍ വെച്ച് രണ്ടുവയസ്സുള്ള കുഞ്ഞിനെ എടുത്തുയർത്തി തറയിലടിച്ച് യുവാവ്.
ഇറാൻ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത നടന്നത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകർന്നു. നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവിൽ കോമയിലാണ്.
ബെലാറസുകാരനായ വ്‌ലാഡിമിര്‍ വിറ്റകോവ് എന്നയാളാണ് ഇത്തരമൊരു ക്രൂര പ്രവൃത്തി ചെയ്തത്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടിയെ എടുത്തുയർത്തി തറയിലടിച്ചത്.
ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി.
റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ, മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയപ്പോഴായിരുന്നു ക്രൂരത.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനുള്ളില്‍ ബാഗിൽ കൈ പിടിച്ച് നില്‍ക്കുകയായിരുന്നു കുട്ടി.
സമീപത്ത് തന്നെയുണ്ടായിരുന്ന വ്‌ലാഡിമിര്‍, ചുറ്റും നോക്കിയ ശേഷം മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി കുട്ടിയെ കാലില്‍ പിടിച്ച് പൊക്കി തറയിലടിക്കുകയായിരുന്നു.
നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരന്‍ ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്ന് അന്വേഷണം നടക്കുന്നുണ്ട്. വ്‌ലാഡിമിര്‍ മയക്കുമരുന്നിന് അടിമയാണോ എന്നും പൊലീസ് സംശയിക്കുന്നു.
English Summary :
At an airport, a man violently lifted a two-year-old child and slammed the toddler to the ground.