കൊച്ചി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. രണ്ട് ടീമുകളായാണ് അന്വേഷണ സംഘം മറ്റുള്ളിടത്തേക്ക് പുറപ്പെട്ടത്. ഉത്തർപ്രദേശ്, ഡൽഹി, ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.(Aslam Khan gang behind Phone theft Alan Walker show)
അസ്‌ലം ഖാൻ സംഘത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബെംഗളൂരുവിൽ മോഷണം നടത്തിയ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയം. പല സംസ്ഥാനങ്ങളിലായി മോഷണം നടത്തുന്നയാളാണ് അസ്‌ലം ഖാൻ. ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ മോഷണം പോയത് നൂറിലധികം ഫോണുകളാണ്. കൊച്ചിയിൽ 38 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതികൾ പ്രകാരം രണ്ടിടത്തേയും മോഷണം നടത്തിയത് അസ്‌ലം ഖാന്റെ സംഘമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫ്ലൈറ്റിൽ എത്തി മോഷണം നടത്തിയ ശേഷം ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത് മടങ്ങുന്നതാണ് സംഘത്തിൻ്റെ രീതി. പരിപാടിക്ക് തൊട്ടുമുൻപായിരിക്കും സംഘം ഇവിടെയെത്തുന്നത്. പരിപാടി കഴിഞ്ഞ് പിറ്റേദിവസം ട്രെയിനിൽ ഇവർ തിരിച്ച് പോകും. ഓൺലൈൻ വാർത്തകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ജനത്തിരക്കുണ്ടാകുന്ന പരിപാടികളെ കുറിച്ച് സംഘം കണ്ടെത്തും. ശേഷം വിഐപി ടിക്കറ്റുകൾ ഓൺലൈൻ സൈറ്റുകളിൽ ബുക്ക് ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.