ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗികമായി രാജിവച്ചു. ലഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‍രിവാൾ ഗവർണറുടെ വസതിയിലെത്തിയത്.(Arvind Kejriwal tenders resignation to Governor)
അരവിന്ദ് കെജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിക്കുകയായിരുന്നു. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയെ നയിക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി മർലേന.
കേജ്‍രിവാളിന്റെ നിർദേശത്തെ എഎപി എംഎൽഎമാർ പിന്തുണക്കുകയായിരുന്നു. കെജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലുള്ള മന്ത്രിയാണ് അതിഷി മർലേന. കൽകാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്.