കൊല്ലം: കേരള നോളജ് ഇക്കോണമി മിഷന് കീഴിൽ തൊഴിൽതേടി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 17 ലക്ഷത്തോളം തൊഴിലന്വേഷകർ. സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) കീഴിൽ കേരള സർക്കാർ തുടക്കംകുറിച്ച പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ.Around 17 lakhs have come to seek employment under the Kerala Knowledge Economy Mission. Importers
2026നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനവും സ്വകാര്യമേഖലയിൽ 20 ലക്ഷം വിജ്ഞാന തൊഴിലവസരങ്ങളും ലഭ്യമാക്കുക എന്ന ദൗത്യമാണ് മിഷൻ ലക്ഷ്യംവെക്കുന്നത്. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യു.എം.എസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് കെ.കെ.ഇ.എമ്മിന്റെ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
നിലവിൽ ഒരു ലക്ഷത്തിലേറെപ്പേർ ആഗ്രഹിച്ച തൊഴിലുകളിൽ എത്തിച്ചേരുകയും ചെയ്തു. പ്ലസ് ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരാണ് പദ്ധതികളുടെ ഗുണഭോക്താക്കൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് (സ്ത്രീ തൊഴിലന്വേഷകർക്ക്), ബാക്ക് ടു വർക്ക് (കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക്), കൂടാതെ അഞ്ച് ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പദ്ധതികളുമാണ് നോളജ് മിഷന് നിലവിലുള്ളത്. എസ്.ടി-എസ്.സി വിഭാഗത്തിനായുള്ള ഉന്നതി, മത്സ്യത്തൊഴിലാളി വിഭാഗത്തിനായി തൊഴിൽതീരം, ട്രാൻസ്ജൻഡർ വ്യക്തികൾക്കായി പ്രൈഡ്, ഭിന്നശേഷി വിഭാഗത്തിനായി സമഗ്ര, ഗോത്രവിഭാഗത്തിനായി ഒപ്പറ എന്നിവയാണ് ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പദ്ധതികളിൽ വരുന്നത്. ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് ജീവനം എന്ന പേരിൽ ഒരു പദ്ധതി പ്രാരംഭഘട്ടത്തിലാണ്.
നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡി.ഡബ്യു.എം.എസ്(ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം)ൽ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും തൊഴിൽ തയാറെടുപ്പിനുള്ള പിന്തുണ മിഷന്റെ സംവിധാനത്തിലൂടെ നൽകും. തൊഴിലന്വേഷകരും തൊഴിൽ ദാതാക്കളും ഒരേ പ്ലാറ്റ്ഫോമിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഡി.ഡബ്ല്യു.എം.എസിനുണ്ട്.
വിദഗ്ധ പരിശീലനം, കരിയർ കൗൺസലിങ്, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ ലഭ്യമാക്കുന്ന സേവനങ്ങൾ. വിദേശത്തും നാട്ടിലുമുള്ള തൊഴിൽദാതാക്കളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി തൊഴിലന്വേഷകരെ ജോലിയിലേക്കെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലും ഉള്ള തൊഴിലവസരങ്ങൾ ഇതിൽ ഉൾപ്പെടും.
കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഡി.ഡബ്യു.എം.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിന് തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടുകൊണ്ട് ജോബ് സ്റ്റേഷനുകളും ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
തൊഴിൽ അന്വേഷകർക്ക് മാർഗനിർദേശം നൽകുന്നതിനുള്ള കരിയർ കൗൺസിലർമാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് ഓൺലൈനായോ ജോബ് സ്റ്റേഷനുകൾ വഴിയോ ജോലിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.