കിഷ്ത്വാറില്‍ വനത്തിലെ ഗുഹ സൈന്യം ബോംബുവെച്ച് തകര്‍ത്തു; തകർത്തെറിഞ്ഞത് ഭീകരരുടെ ഒളിത്താവളം
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന ബോംബ് വെച്ച് തകർത്തു. വനമേഖലയിലെ ഒരു ഗുഹയിലാണ് ഒളിത്താവളം കണ്ടെത്തിയത്.
ഞായറാഴ്ച ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വ്യാപകമായ തിരച്ചിൽ നടത്തി. ഇതിനിടെ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലും നടന്നു.
തിങ്കളാഴ്ച രാവിലെ, ഭീകരർ ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരിക്കാമെന്ന് കരുതുന്ന പർവതമേഖലയിലെ ഗുഹ സുരക്ഷാസേന കണ്ടെത്തി.
അകത്ത് ഭീകരർ ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാനായില്ലെങ്കിലും, സുരക്ഷിതമായ നടപടിയായിട്ടാണ് ഗുഹ പൊളിച്ചത്.
പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ ഭീകരരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള ഏഴ് ജില്ലകളിലൊന്നാണ് കിഷ്ത്വാർ.
സുരക്ഷാ ഏജൻസികളുടെ തുടർച്ചയായ ഇടപെടലുകൾ കാരണം 2021 വരെ ഇവിടെ ഭീകരരുടെ സാന്നിധ്യം കാണാനില്ലായിരുന്നു. എന്നാൽ, അടുത്തിടെ നടന്ന ചില പ്രധാന ഏറ്റുമുട്ടലുകൾ ഈ ജില്ലയിലാണ് നടന്നത്.
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം പർവതമേഖലകൾ ഭീകരർക്കു ഒളിവിൽ കഴിയാനുള്ള അനുകൂല സാഹചര്യങ്ങൾ നൽകുന്നു. ഇവിടങ്ങളിൽ നിന്നുള്ള ഭീകരരെ പൂര്‍ണമായും നീക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.









