എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും എങ്ങും അഡ്മിഷൻ കിട്ടാത്തതിന്റെ സങ്കടത്തിലാണ് അർജുൻ. കൂടെ പഠിച്ചവരിൽ എ പ്ലസ് ലഭിച്ച എല്ലാവർക്കും അഡ്മിഷൻ ലഭിച്ചിട്ടും അർജുന് മാത്രം അഡ്മിഷൻ അകലെ. (Arjun have no seat for plus two after winning full a plus inj sslc exam)
കീഴരിയൂർ ആച്ചേരിക്കുന്നത്ത് ബിജുവിന്റെ മകനാണ് അർജുൻ. കൂലിപ്പണിക്കാരനായ ബിജുവിന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ ട്യൂഷന് പോലും പോകാതെയാണ് അർജുൻ പഠിച്ച് തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ഇഷ്ടവിഷയമായ ബയോളജി പഠിക്കണമെന്ന ആഗ്രഹത്തിൽ അർജുൻ 11 സ്കൂളുകളിൽ അപേക്ഷിച്ചിരുന്നു.
എന്നാൽ മൂന്ന് അലോട്ട്മെന്റ് ശേഷവും സീറ്റില്ലാത്ത വന്നതോടെ ആശങ്കയിലായി. അർജുനൊപ്പം എ പ്ലസ് നേടിയ എല്ലാവർക്കും അഡ്മിഷൻ ലഭിച്ചപ്പോഴാണ് അർജുനു മാത്രം ഈ അവസ്ഥ.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നതിനാൽ അഡ്മിഷൻ ഉറപ്പായും ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അർജുൻ. അതിനാൽ തന്നെ എല്ലായിടത്തും ബയോളജി ആണ് ഓപ്ഷൻ ആയി നൽകിയിരുന്നത്. മറ്റു വിഷയങ്ങൾ കൂടി ഓപ്ഷനായി നൽകിയിരുന്നെങ്കിൽ അഡ്മിഷൻ ലഭിച്ചശേഷം കോഴ്സ് മാറാനുള്ള സൗകര്യം ഉണ്ടാകുമായിരുന്നു.
ജനറൽ വിഭാഗത്തിൽപ്പെട്ടതും തിരിച്ചടിയായി. വാർത്ത പുറത്തുവന്നതോടെ പേരാമ്പ്രയിലെ സ്കൂളിൽ നിന്നും അധികൃതർ ബന്ധപ്പെട്ട് പ്രവേശനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ബിജു പറയുന്നു. ടാർപോളിൻ വലിച്ചുകെട്ടിയ കൂരയ്ക്ക് കീഴെ ഇരുന്നാണ് അർജുൻ പഠിച്ചു ഉന്നത വിജയം സ്വന്തമാക്കിയത്.