നവംബറിൽ ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധത്തിൽ താഴ്ന്ന ഏലക്കായ വിലയിൽ ആശ്വാസകരമായ വർധനവ് ഉണ്ടായെങ്കിലും വേനൽ കടുത്തതോടെ ഏലച്ചെടികൾ വൻ തോതിലാണ് ഉണങ്ങിനശിച്ചത്. ഏപ്രിൽ രണ്ടാം വാരം കനത്ത വേനലിൽ ഉത്പാദനം കുത്തനെയിടിഞ്ഞതോടെ ഏലം വില നേരിയ തോതിൽ ഉയർന്നു തുടങ്ങി. ഏപ്രിൽ ആദ്യവാരം ശരാശരി 1200-1300 രൂപയിൽ നിന്നിരുന്ന ഏലം വില ഒടുവിൽ 2000 രൂപയിലെത്തി. മെച്ചപ്പെട്ട വില കർഷകന് ലഭിയ്ക്കുന്നുണ്ടെങ്കിലും കനത്ത വേനലിൽ ഏലച്ചെടികൾ വൻ തോതിൽ ഉണങ്ങിയത് ചെറുകിട കർഷകർക്ക് തിരിച്ചടിയായി. മികച്ച ജലസേചന സൗകര്യമുള്ള വൻകിട കർഷകർക്ക് മാത്രമാണ് വില വർധനവിന്റെ പ്രയോജനം ലഭിയ്ക്കുക.
2023 ഓഗസ്റ്റ് വരെ ഉയർന്നു നിന്ന ഏലം വില പിന്നീട് ഇടിഞ്ഞത് കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. ഓഗസ്റ്റ് അവസാനം വരെ ശരാശരി 2000-2400 രൂപ ഏലയ്ക്കയ്ക്ക് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ലഭിച്ചിരുന്നെങ്കിൽ സെപ്റ്റംബർ രണ്ടാം വാരം ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 1800-1900 രൂപയായി ഇടിയുകയായിരുന്നു.
Read also: ഉഷ്ണതരംഗത്തിൽ ഉരുകുന്ന കാർഷിക മേഖല: പരമ്പര ഒന്നാം ഭാഗം:-റബ്ബറിനെ പടിയിറക്കുന്ന കേരളം
ഏലം വിലയിടിക്കാനും ഉയർത്താനും കച്ചകെട്ടി ലേല ഏജൻസികൾ
2022 നവംബറിൽ തുടർച്ചയായ ഏലയ്ക്ക വിലയിടിവിനെ തുടർന്ന് ഹൈറേഞ്ചിൽ കർഷകന് ഉത്പാദനച്ചെലവ് പോലും ലഭിച്ചിരുന്നില്ല. 800-850 രൂപയാണ് ശരാശരി വില ലഭിച്ചത്. ഇതോടെ കർഷകന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയായി. നെടുങ്കണ്ടത്തും കട്ടപ്പനയിലും ഉൾപ്പെടെ ഒട്ടേറെ കർഷകർ പ്രതീക്ഷ കൈവിട്ട് ഏലച്ചെടികൾ വെട്ടി നശിപ്പിച്ചു. വിപണിയിൽ ഏലക്കായ ലഭിക്കാത്ത സമയത്തും വിലയിടിഞ്ഞതിന് പിന്നിൽ ഹൈറേഞ്ചിലെ സ്വകാര്യ ലേല എജൻസികളുടെ തന്ത്രങ്ങളായിരുന്നു. ഒരിയ്ക്കൽ പതിഞ്ഞ ഏലയ്ക്ക തന്നെ വീണ്ടും ലേലത്തിനെത്തിച്ച് (റീപൂളിങ്) ലേലത്തിനെത്തുന്ന ഏലയ്ക്കായയുടെ അളവു കൂടുതൽ കാട്ടുന്നതാണ് ഒരു തന്ത്രം. കൂടുതൽ ഏലയ്ക്കായ വിപണിയിലെത്തുന്നതോടെ സ്വാഭാവികമായി ഇ-ലേലത്തിൽ വിലയിടിയും. നിലവാരം കുറഞ്ഞ ഏലയ്ക്കായ ലേല കേന്ദ്രത്തിൽ പതിയ്ക്കാൻ എത്തിയ്ക്കുന്നതാണ് മറ്റൊരു തന്ത്രം. നിലവാരം കുറഞ്ഞ ഏലയ്ക്കയ്ക്ക് കുറഞ്ഞ വിലയാകും ലഭിയ്ക്കുക ഇ-ലേലത്തിൽ ലഭിയ്ക്കുന്ന കുറഞ്ഞ വില യൂ ട്യൂബിൽ ലൈവ് കാണിയ്ക്കുന്നതോടെ വിലയിടിയും. ഇ-ലേലത്തിൽ വിലയിടിയുന്നതോടെ പ്രധാന കമ്പോളങ്ങളായ കട്ടപ്പന, അണക്കര, കുമളി, വണ്ടിപ്പെരിയാർ കമ്പോളങ്ങളിൽ വിലയിടിയും. കയറ്റുമതി ഏജൻസികളും വൻ തോതിൽ സംഭരിയ്ക്കുന്നവരും ഇതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ നിന്നും വിലയിടിച്ച് ഏലയ്ക്കായ വാങ്ങും.
2022 നവംബർ , ഡിസംബർ മാസങ്ങളിലും തുടർന്നും നിലവാരം കുറഞ്ഞ ഏലക്കായ ലേലത്തിനെത്തിച്ച് ഇവർ ഏലം വിലയിടിച്ചു. വിലയിടിഞ്ഞതോടെ വൻ തോതിൽ ഏലയ്ക്ക ശേഖരിച്ച ഏജൻസികൾ 2023 ജൂൺ , ജൂലൈ മാസങ്ങളിൽ ലേല കേന്ദ്രങ്ങളിൽ ഉയർന്ന വിലയ്ക്ക് ലേലം കൊള്ളുകയും തങ്ങളുടെ കൈവശമുള്ള സംഭരിച്ച കായ വിറ്റഴിക്കുകയുമായിരുന്നു. സ്ഥിരമായി ലേല കേന്ദ്രങ്ങളിലെത്തി വിലയിൽ തട്ടിപ്പ് നടത്തുന്ന രണ്ട് ഏജൻസികളുടെ ലേലത്തിൽ രേഖപ്പെടുത്തുന്ന വില ഹൈറേഞ്ചിലെ ചെറുകിട വ്യാപാരികൾ പോലും പരിഗണിയ്ക്കാറില്ല. 2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു.209 ലോട്ടുകളായി ഹേഡർ സിസ്റ്റം ഇന്ത്യ നടത്തിയ ലേലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ വില ലഭിച്ചത്. കട്ടപ്പന ,അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഉയർന്ന വില കുത്തനെ ഇടിയുകയായിരുന്നു.
( സംസ്ഥാനത്ത് കാപ്പി കൃഷി കുറഞ്ഞതോടെ വിലയും വർധിച്ചു. കാപ്പി വില വർധിച്ചതിന്റെ നേട്ടം ആർക്ക് അതേക്കുറിച്ച് അടുത്ത ദിവസം.)
എന്താണ് സൂര്യാഘാതം ? എങ്ങിനെ നേരിടാം; തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ: