300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്‍റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതോടെ, ഛിന്നഗ്രഹം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. 2029 -ല്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന അപോഫിസ് ഛിന്നഗ്രഹത്തെ ( Apophis asteroid) നിരീക്ഷിക്കാനും പഠിക്കാനും തയ്യാറെടുത്ത് ഇന്ത്യയും. (Apophis Asteroid’s Velocity Acceleration; Rushing to earth)
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷൻ അപോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency – ESA) പ്രഖ്യാപിച്ച റാംസസ് ദൗത്യത്തില്‍ (Ramses Mission) സഹകരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അപോഫിസ് ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള റാംസസ് ദൗത്യം പ്രഖ്യാപിച്ചത്.
അപോഫിസ് ഛിന്നഗ്രഹത്തിലേക്ക് പോവാനും നിരീക്ഷണം നടത്താനും ഇന്ത്യ ആഗ്രഹിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആഴ്ചകള്‍ക്ക് മുമ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇന്ത്യ സ്വന്തമായി എന്തെങ്കിലും ദൗത്യം വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായോ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി സഹകരിക്കുന്നതായോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
ഭൂമിയോട് അടുക്കുന്ന അപോഫിസ് ഛിന്നഗ്രഹത്തിന് സമീപത്തെത്തുന്ന ‘റാംസസ് പേടകം’ അല്‍പസമയം ഛിന്നഗ്രഹത്തിനൊപ്പം ഭ്രമണപഥത്തില്‍ സഞ്ചരിക്കും. ഇങ്ങനെ ഒപ്പം സഞ്ചരിക്കുന്നതിനൊപ്പം ഛിന്നഗ്രഹത്തെ കുറിച്ച് സാധ്യമായ വിവരങ്ങളും പേടകം ശേഖരിക്കും. നാസയുടെ ഒസിറിസ് റെക്‌സ് പേടക ദൗത്യത്തിന് സമാനമാണിത്.