ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിക്ക് പുറമെ രണ്ടാമത് ഒരാള്‍ കൂടി മന്ത്രിസഭയിലേക്ക് എത്തിയേക്കും. രണ്ട് പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതെന്നാണ് വിവരം.(Apart from Suresh Gopi, a second person may join the cabinet)
തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം കിട്ടുമെന്ന് ഉറപ്പാണ്. പിന്നീട് പരിഗണിക്കുന്ന രണ്ട് പേര്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച സ്ഥാനാര്‍ത്ഥികളാണ്.
തിരുവനന്തപുരത്ത് ശശി തരൂരിനെ മുള്‍മുനയില്‍ നിര്‍ത്തുകയും ജയത്തോളം പോന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പരിഗണിക്കുന്നതില്‍ ഒന്നാമത്.
വെറും 16,077 വോട്ടുകള്‍ക്കാണ് രാജീവ് ചന്ദ്രശേഖര്‍ തോറ്റത്. 3,42,078 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
രണ്ടാം മോദി സര്‍ക്കാരില്‍ ഐടി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍.
ഇത്തവണയും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താന്‍ ഏറെ സാദ്ധ്യതയുണ്ട്. തൃശൂര്‍ മോഡലില്‍ അടുത്ത അഞ്ച് വര്‍ഷവും തിരുവനന്തപുരത്ത് സജീവമായി പ്രവര്‍ത്തിക്കാനാണ് രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശവും.
മണ്ഡലത്തില്‍ കൂടുതല്‍ സജീവമായി ഇടപെട്ടാല്‍ അടുത്ത തവണ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റം നടത്തിയ വി. മുരളീധരനെയാണ് രണ്ടാമതായി പരിഗണിക്കുന്നത്.
രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹം ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും വിജയിച്ച അടൂര്‍ പ്രകാശുമായുള്ള വ്യത്യാസം വെറും 16,272 വോട്ടുകള്‍ മാത്രമാണ്. 3,11,779 വോട്ടുകളാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ആറ്റിങ്ങലില്‍ നിന്ന് വി. മുരളീധരന്‍ പെട്ടിയിലാക്കിയത്.
Read Also:ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലിൽ അതിക്രമം; കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ