മലപ്പുറം: നിലമ്പൂർ എം.എൽ.എ പി വി അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തവനൂർ സബ് ജയിലിലാണ് നിലവിൽ അൻവറി റെ പാർപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയ ശേഷമാണ് തവനൂർ ജയിലിലേക്ക് എത്തിച്ചത്. അതേ സമയം പി വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിലാണ് ഇന്നലെ രാത്രി അൻവറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പേരാണ് പ്രതികൾ.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. മലപ്പുറത്ത് ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.
അടച്ചിട്ടിരുന്ന നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിയും ഇവർ പ്രതിഷേധിച്ചിരുന്നു.
ഒരു കാലത്ത്മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പി വി അൻവർ മുഖ്യമന്ത്രിയുമായി തെറ്റിയത് മാസങ്ങൾക്ക് മുമ്പാണ്. പൊലീസുലെ ചില ഉന്നത ഉദ്യോഗസ്ഥരെ ചൊല്ലി ആരംഭിച്ച അഭിപ്രായ വ്യത്യാസം ഒടുവിൽ പി വി അൻവർ ഇടത് ബന്ധം അവസാനിപ്പിക്കുന്നതിലേക്കും തുടർന്ന് അൻവർ ജയിലിലാകുന്ന സാഹചര്യത്തിലേക്കും എത്തി.
എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമർശിച്ച് തുടങ്ങിയതോടെയാണ് അൻവറും മുഖ്യമന്ത്രിയും തമ്മിൽ അകൽച്ച തുടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു അൻവർ മുമ്പ് പ്രതിജ്ഞയെടുത്തിരുന്നു.
താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ഡിജിപിയാക്കില്ലെന്നും ജയിലിൽ അടയ്ക്കുമെന്നും അൻവർ പറഞ്ഞിരുന്നു. ഒടുവിൽ അതേ അൻവർ ജയിലിലേക്ക് പോവുന്ന കാഴ്ചയാണു രാഷ്ട്രീയ കേരളം കാണുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തപ്പോർ മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ പറഞ്ഞു
അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കിയിട്ടുണ്ട്.
പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ പത്രക്കുറിപ്പിൽ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിൻറേ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് അൻവറിൻറെ വീട്ടിലെത്തിയത്.
കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അൻവറിൻറെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്നായിരുന്നു അൻവറിൻ്റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റെന്നും അൻവർ പറഞ്ഞു. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയൻ നടപ്പാക്കുന്നത്. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അൻവർ കുറ്റപ്പെടുത്തി.
ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അൻവർ പ്രതികരിച്ചു.