ഇടുക്കി: ഇടുക്കിയിൽ അങ്കണവാടിയുടെ ജനൽ ചില്ലുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ. മൂന്നാർ പഞ്ചായത്ത് അഞ്ചാം വാർഡ് തലയാറിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ ജനൽ ചില്ലുകളാണ് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തത്.
കനത്ത മഴയെ തുടർന്ന് അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നു. ഇന്നലെ അങ്കണവാടിയിലെത്തിയ ടീച്ചറും ആയയുമാണ് ജനൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്. ഇതോടെ ഇവർ പഞ്ചായത്ത് അധികതൃതരെ വിവരം അറിയിക്കുകയായിരുന്നു.
ബെഞ്ചുകൾ എല്ലാം വീണുകിടക്കുന്ന നിലയിലാണ്. കനത്ത കാറ്റും മഴയും തുടർന്നണോ ജനൽ ചില്ലുകൾ തകർന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ അധികൃതർ ദേവികുളം പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.