അയർലണ്ടിൽ വീണ്ടും വംശീയ ആക്രമണം; മലയാളികൾക്ക് ജാഗ്രതാ നിർദേശം
ബെൽഫാസ്റ്റ്∙ നോർത്തേൺ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ വീണ്ടും വംശീയ, വർണവെറി അതിക്രമം.
മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ലിമാവാഡിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കാർ അഗ്നിക്കിരയായത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഈ അക്രമസംഭവം നടന്ന്. ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്ത് പാർക്കുചെയ്തിരുന്ന കാറിനു ആക്രമികൾ തീകൊളുത്തുകയായിരുന്നു.
പൂർണ്ണമായും കത്തി നശിച്ച വാഹനത്തിൽ നിന്ന് ഉയർന്ന തീ അടുത്തുള്ള ചെടികൾക്കും മറ്റു വസ്തുക്കൾക്കും നാശം വരുത്തി. സംഭവം നടന്ന ഉടൻ പ്രദേശവാസികൾ അഗ്നിശമനസേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
നോർതേൺ അയർലൻഡ് പൊലീസ് സർവീസ് സംഭവത്തിൽ ദൃഢമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളും, മൊബൈൽ ഫോണുകളിൽ പകർത്തപ്പെട്ട വീഡിയോകളും ശേഖരിച്ച് ആക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പ്രദേശത്തെ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു. ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ കൗൺസിലർ ആരോൺ ക്യാലൻ അതിക്രമം സന്ദർശിക്കുകയും പ്രതികരിക്കുകയും ചെയ്തു.
അയർലണ്ടിൽ വീണ്ടും വംശീയ ആക്രമണം; മലയാളികൾക്ക് ജാഗ്രതാ നിർദേശം
ഒരു സമൂഹത്തിനുള്ളിൽ വിദ്വേഷത്തിനും വർണവെറിയും ഇടമില്ലെന്നും, കുറ്റവാളികൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലിമാവാഡി വിവിധതരം സംസ്കാരങ്ങളെയും സമൂഹങ്ങളെയും ചേർത്ത് നിർത്തുന്ന നഗരമാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങളെ എതിർത്ത് സമൂഹം ഒരുമിച്ച് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ചുള്ള വിവരം മലയാളി വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും പ്രചരിച്ചു. ഇതിന് മുന്നോടിയായി മറ്റു ചില മലയാളി കുടുംബങ്ങൾക്കും കുടിയേറ്റക്കാരുമുള്ള വാഹനങ്ങൾക്ക് നേരെ അതിക്രമം നടന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞയാഴ്ച ഒരു കുടുംബത്തിന്റെ കാറിന്റെ നാല് ടയറുകളും കുത്തിപ്പൊട്ടിച്ച സംഭവവും സംഭവിച്ചിരുന്നു. ഇതുമൂലം പ്രദേശത്തുള്ള മലയാളി കുടുംബങ്ങൾ ആശങ്കയിലാണ്.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്നാണ് സംശയിക്കുന്നെങ്കിലും, പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ലണ്ടൻഡെറി കൗണ്ടിയിൽ അടുത്തിടെയായി വംശീയ ആക്രമണങ്ങളുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളികൾ താമസിക്കുന്ന കോളറൈൻ എന്ന പ്രദേശത്തും അടുത്തിടെ ആക്രമണം നടന്നിരുന്നു. രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയ ഒരു മലയാളി യുവാക്കൾക്കാണ് അജ്ഞാതർ ആക്രമണം നടത്തിയത്.
കഴിഞ്ഞ മാസം ആദ്യ ആഴ്ചയിൽ ബെൽഫാസ്റ്റ് സിറ്റി ആശുപത്രിയോട് ചേർന്ന റെയിൽവേ സ്റ്റേഷനിൽ ചികിത്സയ്ക്കായി എത്തിയ ഒരു മധ്യവയസ്കനായ മലയാളി പുരുഷനെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ചിരുന്നു.
വൃക്കരോഗബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇയാൾക്ക് ഗുരുതര പരിക്കുകളാണ് സംഭവിച്ചത്.
സംഭവത്തെ ഗുരുതരമായി പൊലീസ് വിലയിരുത്തുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ കേസിലോ അന്വേഷണത്തിലോ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിവരം.
അതേസമയം, ഡൊണഗൽ റോഡിൽ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു വർണവിവേചന കേസിൽ 12 കാരനായ ഒരു ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാപാരസ്ഥാപനത്തിന് നേരെ ആക്രമണം നടത്തുകയും മോഷണം ഉൾപ്പെടെ അഞ്ചിലധികം വർണവെറി കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും പൊലീസിന്റെ പിടിയിലായത് സ്ഥിരീകരിച്ചിട്ടുണ്ട്.
വംശീയതയുടെയും വിദ്വേഷത്തിന്റെയും പേരിൽ നിരപരാധികളായ കുടിയേറ്റക്കാരും മലയാളികളും ലക്ഷ്യമാക്കപ്പെടുന്ന ഈ സംഭവങ്ങൾ നോർതേൺ അയർലൻഡിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.









