തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികൾക്ക് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ
തൃശൂർ: തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ് നടത്തിയതായി പരാതി. ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായാണ് ആലപ്പുഴ സ്വദേശികൾ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഇരിങ്ങാലക്കുട സ്വദേശികളായ റോഷനും കുടുംബവുമടക്കം എഴുപേര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2022 മുതല്‍ വിവിധ ഘട്ടങ്ങളിലായി 121 പേരില്‍ നിന്നും ഒന്നരക്കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.
വാടാനപ്പിള്ളിയിലുള്ള നല്ലച്ഛന്‍ കാവ് ക്ഷേത്രത്തിലെ താഴികക്കുടത്തില്‍ ഇറിഡിയം ഉണ്ടെന്നും ഇത് അമേരിക്കന്‍ ഗവണ്‍മെന്റിന് വിറ്റതാണെന്നും കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
വില്പന തുകയായ 47.5 ലക്ഷം കോടി ഡോളര്‍ ആര്‍ബിഐയില്‍ ഉണ്ടെന്നുമായിരുന്നു സംഘം വാഗ്ദാനം ചെയ്തത്. ചേര്‍ത്തല സ്വദേശിനികളായ വയലാര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ജിഷമോള്‍, വേട്ടക്കല്‍ നാരായണാലയത്തില്‍ കവിത എന്നിവരാണ് പരാതി നൽകിയത്.
60 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ്
മുംബൈ: നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരേ അറുപതുകോടി രൂപയുടെ തട്ടിപ്പ് കേസെടുത്ത് പോലീസ്. മുംബൈയിലെ വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് കേസെടുത്തത്.
ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇവർക്ക് പുറമേ മറ്റൊരാളെയും കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ലോട്ടസ് കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പരാതിക്കാരനായ ദീപക് കോത്താരി.
ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ‘ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വഴി 60 കോടി രൂപ തട്ടിയെടുത്തെന്നാണ് ദീപക് കോത്താരി നൽകിയ പരാതി.
2015 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ഇവർ പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല.
ബെസ്റ്റ്ഡീല്‍ ടിവിയുടെ 87.6 ശതമാനം ഓഹരികളും ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലായിരുന്നു. തുടര്‍ന്ന് ദമ്പതിമാര്‍ 75 ലക്ഷം രൂപ വായ്പയായി ദീപക്ക് കോത്താരിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നീട് പ്രതിമാസം നിശ്ചിത പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താനും പറഞ്ഞു. ഇതനുസരിച്ച് 2015 ഏപ്രിലില്‍ 31.95 കോടി രൂപയും അതേവര്‍ഷം സെപ്റ്റംബറില്‍ 28.53 കോടി രൂപയും ബെസ്റ്റ്ഡീല്‍ ടിവിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു.
എന്നാല്‍ 2016 സെപ്റ്റംബറില്‍ ശില്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ചു. പിന്നാലെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.
ഇതിനിടെ ഇടനിലക്കാരനായ രാജേഷ് ആര്യ വഴി തന്റെ പണം തിരികെ വാങ്ങാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ദമ്പതിമാര്‍ പണം നല്‍കിയില്ലെന്നും കമ്പനിയുടെ പേരില്‍ വാങ്ങിയ പണം ഇരുവരും വ്യക്തിഗത ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്നും ആണ് പരാതിയില്‍ പറയുന്നത്.
പത്തുകോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയായതിനാല്‍ തന്നെ സംഭവത്തില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
Summary: Another Iridium fraud has been reported in Thrissur. Residents of Alappuzha filed a complaint with Irinjalakuda Police stating they lost around ₹1.5 crore in the scam.