‘എനിക്ക് മടുത്തെടീ’, ഒരു കോൾ പോലും ബിസിയാകാൻ പാടില്ല; അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി
കൊച്ചി ∙ എറണാകുളം അങ്കമാലിയിൽ 21കാരിയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്റെ മാനസിക പീഡനമാണെന്നാരോപിച്ച് കുടുംബം രംഗത്ത്. അങ്കമാലി സ്വദേശിനിയായ ജിനിയ ജോസാണ് മരിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവാവിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ, ജിനിയ തന്റെ അടുത്ത സുഹൃത്തിനോട് ഇൻസ്റ്റഗ്രാമിലൂടെ അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
ആൺസുഹൃത്തിന്റെ കടുത്ത നിയന്ത്രണങ്ങളും ശകാരങ്ങളും സഹിക്കേണ്ടിവന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സന്ദേശം.
അടുത്ത കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നതുപോലും യുവാവിന് അസഹ്യമായിരുന്നുവെന്നും, തന്റെ ജീവിതത്തിൽ നിന്ന് സുഹൃത്തുക്കളെയൊക്കെ പൂർണമായി അകറ്റിയെന്നുമാണ് ജിനിയ ശബ്ദസന്ദേശത്തിൽ പറയുന്നത്.
“ഒരു കോൾ പോലും ബിസിയാകാൻ പാടില്ല. ബിസിയായാൽ ഞാൻ കാമുകനെ വിളിക്കുകയാണെന്ന് പറയും. എനിക്ക് മടുത്തെടീ. ഇവൻ വന്നശേഷം എന്റെ ലൈഫിൽ ഒറ്റ ഫ്രണ്ടും ഇല്ല. പെൺകുട്ടികൾ പോലും ഇല്ല” — എന്നാണ് ജിനിയയുടെ വാക്കുകൾ.
അങ്കമാലിയിലെ സ്വകാര്യ ലാബിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ജിനിയയെ ഈ മാസം ഏഴാം തീയതിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചാലക്കുടി സ്വദേശിയായ ആൺസുഹൃത്തിൽ നിന്ന് മാനസിക പീഡനത്തിനൊപ്പം ശാരീരിക ആക്രമണവും ജിനിയ നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജോലി ചെയ്യുന്ന ലാബിലെത്തിയ ആൺസുഹൃത്ത് ജിനിയയെ മർദിച്ച സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും, ഈ വിവരങ്ങൾ മകളുടെ മരണശേഷമാണ് കുടുംബം അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.
രാവിലെ സന്തോഷത്തോടെയാണ് മകൾ ജോലിക്കായി വീട്ടിൽ നിന്ന് പോയതെന്നും, വല്ലവരുടെയോ മർദനവും മാനസിക പീഡനവും സഹിക്കേണ്ടിവന്നാണ് തന്റെ മകൾ ജീവനൊടുക്കിയതെന്നുമാണ് ജിനിയയുടെ അമ്മയുടെ വാക്കുകൾ.
English Summary
The family of a 21-year-old woman who died by suicide in Angamaly, Ernakulam, has alleged that prolonged mental harassment by her boyfriend led to her death. The victim, Jiniya Jose, had reportedly faced extreme control, verbal abuse, and isolation. An Instagram voice message sent to a close friend has surfaced, highlighting her distress. While the family has filed a complaint seeking a detailed probe, police say no concrete evidence has emerged so far. The investigation is ongoing.
angamaly-woman-suicide-boyfriend-mental-harassment-allegation
Angamaly suicide case, Kerala crime news, Mental harassment, Relationship abuse, Women safety, Suicide investigation, Kerala police, Domestic violence allegations, Social media evidence









