തിരുവനന്തപുരം: മസ്‌കുലാർ ഡിസ്ട്രോഫി ബാധിച്ച് വർഷങ്ങളായി കിടപ്പിലായ തൃശൂർ തളിക്കുളം സ്വദേശിനി അനീഷ അഷ്‌റഫിന് (32) ഇനി വീട്ടിൽ ഇരുന്ന് തന്നെ പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ സാധിക്കും.
അപൂർവ ജനിതക രോഗബാധിതയായ അനീഷയ്ക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കേസായി പരിഗണിച്ച് ഈ അനുമതി നൽകുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
2023-ൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും അനീഷ വീട്ടിൽ എഴുതി മികച്ച വിജയം നേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും പ്രത്യേക ഇളവ് അനുവദിക്കുന്നത്.
പേശികളുടെ പ്രവർത്തനം ക്രമേണ നഷ്ടമാകുന്ന മസ്‌കുലാർ ഡിസ്ട്രോഫി കാരണമാണ് അനീഷയ്ക്ക് സാധാരണ പഠനം ഉപേക്ഷിക്കേണ്ടി വന്നത്.
എട്ടാം വയസ്സിൽ രോഗം പ്രകടമാകുകയും 11-ാം വയസ്സോടെ നടക്കാനാകാതെ വരികയും ചെയ്തു. ഇപ്പോൾ കസേരയിൽ ഇരിക്കുന്നതുവരെ ബുദ്ധിമുട്ടുള്ള നിലയിലാണ്.
പ്രത്യേക കേസായി പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി
അനീഷയുടെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയും പരിഗണിച്ചാണ് സർക്കാർ തീരുമാനം എടുത്തത്.
പരീക്ഷയുടെ രഹസ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയുമാണ് ഇളവ് അനുവദിച്ചത്.
വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളാക്കി സജ്ജീകരണം നിർബന്ധം
വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന്റെ മാതൃകയിൽ സജ്ജീകരിക്കണം. പരീക്ഷയ്ക്കായി പരീക്ഷാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ മുറിയിൽ ഉണ്ടാകാവൂ.
പരീക്ഷാ രേഖകൾ പരിചരണത്തിനായി അധികാരികൾക്ക് സമർപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഇൻവിജിലേറ്ററിനായിരിക്കും.
പരീക്ഷാഭവൻ സെക്രട്ടറി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വിവരം നേരത്തെ വിദ്യാർത്ഥിയെ അറിയിക്കുകയും ചെയ്യും.
കാസര്‍കോട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
സർക്കാരിന്റെ തീരുമാനം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രചോദനം
ഭിന്നശേഷിയുള്ളവർക്ക് വിദ്യാഭ്യാസത്തിൽ തുല്യ അവസരങ്ങൾ നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷയുടെ ധൈര്യവും പഠനത്തിനുള്ള ഇച്ഛാശക്തിയും മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി വ്യക്തമാക്കി.
2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ ‘ഉണർവ്വ്’ ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥ തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനവും, 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങൾക്കും മുകളിൽ എഴുന്നേറ്റ് പഠനത്തിലേക്കുള്ള തിരികെ വരവ്, അനീഷയെ സംസ്ഥാനത്തിന്‍റെ പ്രചോദന പ്രതിമയാക്കി മാറ്റുകയാണ്.









