ഡൽഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. കണക്കുകൾ പ്രകാരം 931 കോടി രൂപയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൊത്തത്തിലുള്ള ശരാശരിയേക്കാൾ ആന്ധ്ര മുഖ്യമന്ത്രിയുടെ ആസ്തി വളരെക്കൂടുതലാണ്.
രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും ആസ്തി ചേർത്താൽ അത് 1630 കോടി രൂപ വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അരുണാചൽ പ്രദേശിലെ പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്.
332 കോടി രൂപയാണ് ആസ്തി. കർണാടകയിലെ സിദ്ധരാമയ്യ പട്ടികയിൽ മൂന്നാമതുമാണ്. 51 കോടിയിലധികമാണ് സിദ്ധരാമയ്യയുടെ ആസ്തി. മൂന്ന് മുഖ്യമന്ത്രിമാർക്ക് 50 കോടിയോ അതിൽ കൂടുതലോ ആസ്തിയുണ്ട്. ഒമ്പത് പേർക്ക് 11 കോടിക്കും 50 കോടിക്കും ഇടയിൽ ആസ്തിയുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.