ഭൂമിയിലെ എല്ലാ സമുദ്രങ്ങളുടെയും അളവിന്റെ മൂന്നിരട്ടിവെള്ളം ഉപരിതലത്തിൽ നിന്നു മൈലുകൾ താഴെ സ്ഥിതി ചെയ്യുന്ന റിങ്വുഡൈറ്റ് എന്ന പാറക്കെട്ടുകൾക്കുള്ളിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. രാമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ സ്പെക്ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 മീറ്റർ താഴെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്പോഞ്ചുകൾക്ക് വെള്ളത്തെ ആഗിരണം ചെയ്തു സൂക്ഷിക്കാവുന്നതു പോലെ റിങ് വുഡൈറ്റുകൾക്കും സാധിക്കും. റിങ് വുഡൈറ്റിന്റെ ക്രിസ്റ്റൽ ഘടനയാണ് ഇതിന് അനുവദിക്കുന്നത്. വലിയ അളവിലുള്ള ജലം ഈ സ്പോഞ്ചുകൾക്കുള്ളിൽ സൂക്ഷിക്കാൻ സാധിക്കും.
“സബ്‌ഡക്റ്റിംഗ് സ്ലാബുകൾ ആഴക്കടൽ അവശിഷ്ടങ്ങളെ ഭൂമിയുടെ ഉള്ളറകളിലേക്ക് കൊണ്ടുപോകുന്നു. ഈ അവശിഷ്ടങ്ങൾക്ക് വലിയ അളവിലുള്ള വെള്ളവും CO2 ഉം ഉൾക്കൊള്ളാൻ കഴിയും.” ഫ്രാങ്ക്ഫർട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ പ്രൊഫ. ഫ്രാങ്ക് ബ്രെങ്കർ വിശദീകരിക്കുന്നു. ഈ പാറകളിൽ ഒരു ശതമാനമെങ്കിലും വെള്ളമുണ്ടെങ്കിൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലെയും വെള്ളത്തിന്റെ മൂന്നിരട്ടി അളവ് ഇതിലുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഇതിനിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒരു വലിയ ജലശ്രോതസ്സ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത്തരം മിശ്രിത ജലശ്രോതസ്സുകൾ നേരത്തെ ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് മഹാസമുദ്രത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ബ്രസീൽ മുതൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്നതാണ് ഇത്. അറ്റ്‌ലാന്റിക് ഇക്വിറ്റോറിയൽ വാട്ടർ എന്നറിയപ്പെടുന്ന ഈ ജലശ്രോതസ്സ് ഭൂമധ്യ രേഖയ്ക്ക് സമാന്തരമായാണുള്ളത്.