താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി മലയാള സിനിമയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കെ ചർച്ചയാവുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ പ്രതിഫല മോഡൽ. 20 വർഷമായി താൻ പ്രതിഫലം വാങ്ങാറില്ലെന്നും പകരം സിനിമയുടെ ലാഭത്തിന്റെ വിഹിതം സ്വീകരിക്കുകയാണ് പതിവെന്നും ആമിർ ഖാൻ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
താൻ അഭിനയിക്കുന്ന സിനിമകൾക്ക് 10-20 കോടി രൂപയാണ് ചെലവ് വരുന്നത്. ഈ പണം എന്തായാലും വിപണിയിൽ നിന്നും ലഭിക്കും. ഇതിൽ നിന്നും ലാഭമായി ലഭിക്കുന്ന പണത്തിൽ നിന്നും നിശ്ചിത വിഹിതമാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.
സിനിമ വിജയിച്ചാൽ കൂടുതൽ വരുമാനം നേടാനും ഇതുവഴി കഴിയുമെന്നും ആമീർ ഖാൻ പറഞ്ഞിരുന്നു. പ്രേക്ഷകർ സ്വീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ സിനിമകളുടെയും വരുമാനത്തിന്റെയും സാധ്യതയെന്നും അമീർഖാൻ കൂട്ടിച്ചേർത്തു.
സിനിമയുടെ ലാഭത്തിൽ നിന്നുള്ള വിഹിതം കൈപ്പറ്റുന്നത് നിർമാതാവിന്റെ സാമ്പത്തിക ഭാരം കുറക്കുന്നതിനൊപ്പം താരങ്ങൾക്കും ഏറെ ഗുണങ്ങളുണ്ടെന്നും താരം പറയുന്നു. ഇഷ്ടപ്പെട്ട സിനിമകൾ മാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇതോടൊപ്പം താരങ്ങൾക്ക് ലഭിക്കും. സിനിമയുടെ ബജറ്റ് കൂടുമെന്ന ഭയവും വേണ്ട. ഭീമമായ മുടക്കുമുതൽ കണ്ടെത്താനും നിർമാതാവ് കഷ്ടപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. പ്കഷെ അവസാനം പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയുടെ പരാജയം മാനസികമായി തന്നെ തളർത്തിയതായും താരം പറയുന്നു.
സൂപ്പർ താര സിനിമയുടെ ആകെ ചെലവിന്റെ 40 ശതമാനം വരെ താരങ്ങളുടെ പ്രതിഫലത്തിന് വേണ്ടി മാത്രം ചെലവിടാറുണ്ടെന്ന് നിർമാതാക്കൾ പറയുന്നു. ഇത് സിനിമയുടെ ആകെ ബജറ്റ് കൂട്ടുകയും നിർമാതാവിന്റെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ താരങ്ങൾ പ്രതിഫലം വാങ്ങാതെ ലാഭത്തിൽ നിന്നുള്ള വിഹിതം കൈപ്പറ്റാമെന്ന കരാറിലെത്തിയാൽ സിനിമയുടെ ബജറ്റ് ഗണ്യമായി കുറക്കാൻ സഹായകമാകും. താരങ്ങളുടെ പ്രതിഫലം ലാഭവുമായി ബന്ധപ്പെട്ടതായതിനാൽ സിനിമയുടെ വിജയത്തിനായി താരങ്ങളും ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും നിർമാതാക്കൾ കരുതുന്നുണ്ട്.
അതേസമയം, മലയാള സിനിമയിൽ ഇതുവരെയും ഇങ്ങനെയൊരു മോഡൽ സ്വീകരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ലെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറയുന്നു. സിനിമയുടെ സാമ്പത്തിക റിസ്‌ക് എടുക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ല.
താരങ്ങളും ചീഫ് ടെക്‌നീഷ്യൻമാരും ഈടാക്കുന്ന പ്രതിഫലം വളരെ ഉയർന്നതാണ്. ഇത് സിനിമയുടെ ഗുണമേന്മയെ സാരമായി ബാധിച്ചേക്കാം. സിനിമയുടെ ആകെ ബജറ്റിൽ 40 ശതമാനം വരെ താരങ്ങൾക്കുള്ള പ്രതിഫലമായി നൽകിയാൽ മറ്റ് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.