ഡ്രൈ ഡേയിൽ മദ്യം കിട്ടാതെ വിഷമിച്ച അമേരിക്കൻ പൗരനെ സഹായിക്കാൻ ഒപ്പംകൂടി; വെള്ളമടിച്ച് ഒപ്പം കിടന്നുറങ്ങി; ഉണർന്നപ്പോൾ മർദ്ദിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ അമേരിക്കൻ പൗരനെ തടഞ്ഞുവെച്ച് മർദിക്കുകയും 3.10 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
മുളന്തുരുത്തി സ്വദേശി ആദർശും പള്ളുരുത്തി സ്വദേശി ആകാശുമാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.
ഐടി കമ്പനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കൊച്ചിയിലെത്തിയ ന്യൂയോർക്കിൽ ഐടി പ്രഫഷണലായ ഒഡീഷ സ്വദേശിയായ അമേരിക്കൻ പൗരനാണ് കൊള്ളയടിക്കപ്പെട്ടത്.
വെള്ളിയാഴ്ച കൊച്ചിയിലെത്തിയ ഇയാൾ മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം.
ശനിയാഴ്ച മദ്യം വാങ്ങാൻ ശ്രമിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനെ തുടർന്ന് ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല.
ഈ സമയത്താണ് മറൈൻ ഡ്രൈവ് പരിസരത്തുണ്ടായിരുന്ന ആദർശ് സഹായം വാഗ്ദാനം ചെയ്തത്.
അനധികൃതമായി മദ്യം വാങ്ങി നൽകിയ ശേഷം ആദർശ് അമേരിക്കൻ പൗരനൊപ്പം ഹോട്ടൽ മുറിയിലെത്തി. രാത്രിയിൽ ഇരുവരും മദ്യപിച്ച് ഉറങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെ യാത്രക്കായി എഴുന്നേറ്റ അമേരിക്കൻ പൗരൻ ആദർശിനെ വിളിച്ചുണർത്തിയപ്പോഴേക്കും, ഇയാൾ സുഹൃത്തായ ആകാശിനെ മുറിക്ക് പുറത്തേക്ക് വിളിച്ചു വരുത്തിയിരുന്നു.
വാതിൽ തുറന്ന ഉടൻ ആകാശ് ആക്രമണം നടത്തുകയും, ആദർശ് പിന്നിൽ നിന്ന് പിടിച്ചുനിർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തുടർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ 75,000 രൂപ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിപ്പിച്ചു. കൂടാതെ 500 ഡോളർ, സ്വർണമോതിരം, എടിഎം കാർഡ് എന്നിവയും തട്ടിയെടുത്തു.
മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം എടിഎം കാർഡ് ഉപയോഗിച്ച് നാല് തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. ഇതോടെ ആകെ 3,10,290 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
സംഭവം അറിഞ്ഞ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. അന്വേഷണം ആരംഭിച്ച സെൻട്രൽ പൊലീസ് പ്രതികൾ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടവരാണെന്ന് കണ്ടെത്തി.
മരടിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ആദർശിനെ പിടികൂടാൻ നടത്തിയ റെയ്ഡിൽ ഇയാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കിലോമീറ്റർ ദൂരമോളം പിന്തുടർന്ന ശേഷം പൊലീസ് പിടികൂടി.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശിനെ കുമ്പളങ്ങിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് കവർന്ന പണവും സ്വർണമോതിരവും പൊലീസ് കണ്ടെടുത്തു. കേസിൽ വേഗത്തിൽ നടപടി സ്വീകരിച്ച കൊച്ചി സിറ്റി പൊലീസിനെ അമേരിക്കൻ പൗരൻ പ്രശംസിച്ചു.
English Summary
Two men were arrested by Ernakulam Central Police for assaulting and robbing an American citizen after confining him in a hotel room in Kochi. The accused allegedly attacked the victim, threatened him with death, forced bank transfers, and withdrew cash using his ATM card, causing a total loss of ₹3.10 lakh. Police recovered the stolen money and valuables and praised the swift action that led to the arrests.
American Citizen Robbed in Kochi Hotel; Two Arrested
Kochi, American citizen, hotel robbery, assault, Ernakulam Central Police, ATM fraud, Kerala crime, Marine Drive, arrest









