നാട്ടിലിറങ്ങിയ പോത്തിനെ കാടുകയറ്റുന്നതിനിടെ പാഞ്ഞടുത്തു; കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
തിരുവനന്തപുരം: അമ്പൂരിയിൽ ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു.
പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തര പ്രദേശത്താണ് കാട്ടുപോത്ത് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
പ്രദേശത്ത് കാട്ടുപോത്ത് സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്.
ജനവാസ മേഖലയിൽ ഇറങ്ങിയ പോത്തിനെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വനംവകുപ്പ് സംഘത്തെ ലക്ഷ്യമാക്കി കാട്ടുപോത്ത് പാഞ്ഞടുത്തതോടെ ഉദ്യോഗസ്ഥർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
ഈ സമയത്ത് തിരിഞ്ഞോടാൻ ശ്രമിച്ച അനിൽ കുമാറിനെ കാട്ടുപോത്ത് കുത്തി നിലത്തേക്ക് വീഴ്ത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്നാണ് വിവരം.
അതേസമയം, കാട്ടുപോത്തിന്റെ ആക്രമണം ജില്ലയിൽ വീണ്ടും ഭീതിയുണർത്തുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പെരിങ്ങമ്മലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുത്ത് വാഹനം കുത്തിമറിച്ചിരുന്നു.
ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മുത്തിക്കാണി സ്വദേശി അശ്വിൻ, യാത്രക്കാരനായ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടവം പ്രദേശത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു ഈ സംഭവം.
കാട്ടുപോത്തുകളുടെ നിരന്തരമായ ആക്രമണങ്ങൾ ജനജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
English Summary
A forest department officer was seriously injured in a wild buffalo attack at Amburi in Thiruvananthapuram district. The incident occurred while officials attempted to drive the animal back into the forest after it strayed into a residential area. Deputy Range Officer Anil Kumar sustained severe injuries and is undergoing treatment at a private hospital. In a separate incident, a wild buffalo attacked a moving autorickshaw in Peringammala, injuring two people, raising concerns over increasing wildlife incursions into populated areas.
amburi-wild-buffalo-attack-forest-officer-injured
Amburi News, Wild Buffalo Attack, Forest Department, Anil Kumar, Thiruvananthapuram, Wildlife Conflict, Human Animal Conflict, Kerala Forest News, Peringammala Incident









