തിരുവനന്തപുരം: രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല. ക്രെയിൻ എത്തിച്ചാണ് അപകടത്തിൽപ്പെട്ട ആംബുലൻസ് ഉയർത്തിയത്.
അനുമതിയില്ലാതെ എഴുന്നള്ളിപ്പിന് എത്തിച്ചു; ആന കസ്റ്റഡിയിൽ
കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു, കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ഗജേന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചിരുന്നു, ഇതേ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു.