ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്
ആലുവ: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രദേശത്ത് ഞെട്ടൽ. ബൈക്ക് യാത്രികരായ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അടൂർ ഡിപ്പോയിലെ ഡ്രൈവറായ കായംകുളം സ്വദേശി എം. ശ്യാംകുമാർ (50) ഗുരുതരമായി പരിക്കേറ്റു. ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിനും കഴുത്തിനും പരിക്ക് സംഭവിച്ചു. അക്രമികളെ തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീൺ (44)ക്കും പരിക്കേറ്റു. ഇരുവരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിലാണ് സംഭവം. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിന് തടസമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ആക്രമണം.
ബൈക്ക് കുറുകെ നിർത്തി ബസ് തടഞ്ഞ ശേഷം, ബസിന്റെ കീ ഊരിയെടുത്ത് ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി ഹെൽമെറ്റുകൊണ്ട് മർദ്ദിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സർവീസ് തടസപ്പെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിലേക്ക് മാറ്റി.
ആലുവ പൊലീസ് കേസെടുത്ത് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു.
English Summary
Two bikers allegedly assaulted a KSRTC bus driver in Aluva after blocking the bus. The driver and conductor were injured and hospitalized.









