വഴിവിട്ട സഹായങ്ങൾ ലഭിക്കാൻ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി നൽകിയോ എന്ന് അമേരിക്ക അന്വേഷിക്കുന്നു. ബ്ലൂ ബർഗാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്. ഗൗതം അദാനി ഉൾപ്പെടെയുള്ളവർ ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫീസിൻ്റെയും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വഞ്ചനാ വിഭാഗത്തിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബൽ ലിമിറ്റഡിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷം ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിൽ നിന്നുള്ള ആരോപണങ്ങളെ തുടർന്നാണ് അന്വേഷണം , അദാനി കമ്പനി അതിൻ്റെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ഗ്രൂപ്പ് ശക്തമായി നിഷേധിച്ചു,
“ഞങ്ങളുടെ ചെയർമാനെതിരെ ഒരു അന്വേഷണവും ഞങ്ങൾക്കറിയില്ല. ഏറ്റവും ഉയർന്ന നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയിൽ, ഞങ്ങൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും, അഴിമതി വിരുദ്ധ, കൈക്കൂലി വിരുദ്ധ നിയമങ്ങൾക്ക് വിധേയമാണ്.” കമ്പനി വക്താക്കൾ പറഞ്ഞു.