കൊച്ചി: ബാങ്കുകൾ എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നത് പതിവാകുന്നെന്ന് ആക്ഷേപം. ബാങ്ക് ശാഖകളുടെ എ.ടി.എം. കാഷ് ഡിപ്പോസിറ്റ് മെഷീൻ (സി.ഡി.എം.) എന്നിവയുടെ മോണിറ്റർ സ്ക്രീനുകളാണ് കുറച്ചു കാലങ്ങളായി പലപ്പോഴും ഓഫ് ചെയ്തിടുന്നത്.
രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമെല്ലാം ഇത്തരത്തിൽ എടിഎം സ്ക്രീനുകൾ ഓഫ് ചെയ്തിടുന്നു എന്നാണ് പരാതി. മെഷീനുകൾക്ക് സാങ്കേതിക തകരാറുണ്ടാകുന്നത് ഒഴിവാക്കാനാണ് സ്ക്രീനുകൾ ഓഫ് ചെയ്തിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ മോണിറ്റർ സ്ക്രീൻ ഓഫ് ചെയ്തിടുന്നതുവഴി ബാങ്കുകൾക്ക് നേട്ടമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബാങ്കുകളുടെ റാങ്കിങ്ങിൽ മികച്ച പോയിന്റ് നേടുന്നതിനാണ് ഇത്തരത്തിൽ സ്ക്രീൻ ഓഫ് ചെയ്തിടുന്നതെന്നാണ് വിവരം.
ബാങ്കുകൾക്കുള്ള നിർദേശമനുസരിച്ച് എ.ടി.എമ്മുകളും സി.ഡി.എം. മെഷീനുകളും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കണം എന്നാൽ സ്ക്രീൻ ഓഫ് ചെയ്താലും ഇവ പ്രവർത്തനസജ്ജമാണെന്ന് കാണിക്കാനാകും. മറ്റെന്തെങ്കിലും സാങ്കേതിക തടസങ്ങളിലൂടെ മെഷീൻ പ്രവർത്തന രഹിതമാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.
മെഷീനുകളുടെ ലഭ്യത അനുസരിച്ചാണ് ഇപ്പോൾ ബാങ്കുകൾക്ക് മികച്ച റാങ്ക് ലഭിക്കുന്നത്. എന്നാൽ എട്ടുമാസം മുൻപുവരെ മെഷീൻ ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കുകളുടെ റാങ്കിങ്. ഈ മാനദണ്ഡം മാ റിയതോടെയാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള മെഷീൻ മോണിറ്ററുകളിലെ കള്ളക്കളി തുടങ്ങിയത്.
ജനങ്ങൾക്ക് ആവശ്യസമയത്ത് പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയുന്നില്ല എന്നതാണ് ഇടപാടുകാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അടുപ്പിച്ച് ബാങ്ക് അവധി വരുന്ന ദിവസങ്ങളിലും ഈ പ്രശ്‌നം നേരിടുന്നത് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നുണ്ട്.