കൊച്ചി: മലയാള ടെലിവിഷൻ രംഗത്ത് ഏറെക്കാലം നീണ്ടുനിന്ന ജനപ്രിയ പരിപാടിയായിരുന്നു സിനിമാല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്ന പരിപാടിക്ക് നിരവധി ആരാധകരുണ്ടായിരുന്നു.
മലയാളം സിനിമയിലെ ഒട്ടനവധി നടീനടൻമാരും സിനിമാലയിലൂടെ എത്തിയവരാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ഡയാന സിൽവർസ്റ്റർ എന്ന സംവിധായികയായിരുന്നു.
സിനിമാലയിലൂടെ അവർ സ്വന്തമാക്കിയ നേട്ടങ്ങളെയും ഉണ്ടായ കോട്ടങ്ങളേയും പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
സംവിധായകൻ പ്രിയദർശന്റെ ഭാര്യയും നടിയുമായിരുന്ന ലിസിയും ഡയാനയോടൊപ്പം അക്കാലത്ത് ചാനലിൽ ജോലി ചെയ്തിരുന്നു.
ഇടയ്ക്ക് ലിസി ജോലി നിർത്തി പോയെങ്കിലും ഡയാന അവിടെ തന്നെ തുടർന്നു.തന്റെ കഠിനാധ്വാനത്തിലൂടെ അവർ ലിംക ബുക്ക് ഒഫ് റെക്കോർഡിൽ വരെ ഇടംപിടിച്ചു.
നീണ്ട 20 വർഷം തുടർച്ചയായി സംപ്രേഷണം ചെയ്ത പരിപാടിയായിരുന്നു അത്. ആ പരിപാടി രൂപപ്പെടുത്തിയെടുത്ത വ്യക്തിയായിരുന്നു ഡയാന. അങ്ങനെ ആ പരിപാടിയുടെ വിജയം ഡയാനയ്ക്ക് മാത്രം സ്വന്തമായിരുന്നു.
അതിലെ ആദ്യഎപ്പിസോഡിൽ നടി പ്രസീതയാണ് എത്തിയത്. കേരളത്തിലെ എല്ലാ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും സിനിമാലയിലൂടെ അവർ നല്ല രീതിയിൽ കൈകാര്യം ചെയ്തു.
20 വർഷത്തിനിടെ 180ൽ പരം പുരസ്‌കാരങ്ങളാണ് സിനിമാല സ്വന്തമാക്കിയത്. കെ കരുണാകരനും ഉമ്മൻചാണ്ടിയും വിഎസ് അച്യുതാനന്ദനുമെല്ലാം ഈ പരിപാടിയിൽ കഥാപാത്രങ്ങളായി വന്ന് നിറഞ്ഞാടാറുണ്ടായിരുന്നു.
കെ കരുണാകരന്റെ മകൾ പത്മജ ഒരിക്കൽ പറഞ്ഞത്, അദ്ദേഹം സിനിമാല മുടങ്ങാതെ കാണാറുണ്ടായിരുന്നുവെന്നാണ്.
രാഷ്ട്രീയക്കാരെ അതികഠിനമായിട്ടായിരുന്നു സിനിമാലയിൽ ഹാസ്യരൂപേണ അവതരിപ്പിച്ചത്. എന്നാൽഅതിൽ അവർക്ക് പരാതിയുമില്ലായിരുന്നു. ഒരിക്കൽ തമിഴ് കലാകാരനായ ചിന്നജയന്ത് പറഞ്ഞത്, തമിഴ്നാട്ടിൽ ഇത്തരത്തിലുളള രീതിയിൽ പരിപാടി അവതരിപ്പിച്ചാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്.
അന്തരിച്ച നടി സുബിയും സിനിമാലയിലൂടെയാണ് എത്തിയത്. അതിന് അവർ ഡയാനയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ സീരിയൽ വേഷങ്ങൾ ചെയ്തിരുന്ന ആര്യയെ മുൻനിരയിൽ എത്തിച്ചതും ഡയാന തന്നെയായിരുന്നു.
ദിലീപിനും രമേഷ്പിഷാരടിക്കും ധർമ്മജനും സിനിമയിലേക്കുളള മുഖ്യ കടന്നുവരവിന് മുഖ്യ കാരണമായതും ഡയാനയായിരുന്നു. മമ്മൂട്ടി ഡയാനയെ കാണുമ്പോഴെല്ലാം പറയുന്നത്, ഇന്ദിരാഗാന്ധിക്ക് ശേഷം വന്ന ധീരവനിതയെന്നായിരുന്നു.
സിനിമാല വൻ ഹിറ്റായിരുന്നു. കോമഡി രംഗത്ത് മാത്രമല്ല അവർ കഴിവ് തെളിയിച്ചത്. അങ്ങനെ പറയാനുള്ള പ്രധാന ഉദാഹരണമാണ്, ഡയാനയുടെ ഐഎസ്ആർഓയുടെ ചാരക്കേസ് അന്വേഷണം.
നമ്പിനാരായണൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥയാണെന്നും ആദ്യമായി ലോകത്തോട് വിളിച്ച് പറഞ്ഞ സ്ത്രീയാണ് അവർ. ചാരക്കഥയിലെ ജീവിക്കുന്ന രക്തസാക്ഷികൾ എന്ന ഡോക്യുമെന്ററിക്ക് അവർക്ക്ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.
ഇതു പോലെ അവർക്കും നന്ദികേടിന്റെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഡയാനയുടെ സഹായത്തോടെ സിനിമാലയിൽ നിന്നും സിനിമയിൽ എത്തിയ നടനിൽ നിന്നാണ് അനുഭവം ഉണ്ടായത്.
അയാൾക്ക് സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചു. ഇപ്പോൾ പ്രമുഖ നടൻമാരുടെ കൂട്ടത്തിലുണ്ട് അയാൾ. ആ നടനോട് ഒരു എപ്പിസോഡിൽ അഭിനയിക്കാമോയെന്ന് ഡയാന ഒരിക്കൽ ചോദിച്ചിരുന്നു.
അതിന് നടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ഞാനിപ്പോൾ സിനിമാലയിൽ അഭിനയിച്ച ചെറിയ നടൻ അല്ല. അയാളുടെ സ്ഥാനം മനസിലാക്കിയിട്ടില്ല. ഇത്തരം അഹങ്കാരം ഉളളതുകൊണ്ടായിരിക്കും സിനിമയിൽ അയാൾ പിന്നീട് വട്ടപൂജ്യമായി മാറിയത്.