ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. 2023ലെ കണക്ക് അനുസരിച്ച് 10,473 പേരാണ് അമിതമായ മദ്യപാനത്തിന്റെ പേരിൽ മരണത്തെ പുൽകിയത്. 2022ൽ ഇത് 10,048 പേരായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മദ്യപാനം മൂലം നേരിട്ടുള്ള പ്രശ്നങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണമാണിത്. മദ്യപനത്തെ തുടർന്നുണ്ടാകുന്ന ഹൃദയ തകരാറുകൾ, ക്യാൻസർ മറ്റ് അനുബന്ധ അസുഖങ്ങൾ എന്നിവ മൂലമുള്ള മരണം ഈ കണക്കിൽ ഉൾപ്പെടുന്നില്ല. അത്തരം മരണങ്ങളുടെ വ്യക്തമായ കണക്ക് ഇല്ലാത്തതും ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.
2020 കൊറോണ മൂലം ലോകമെങ്ങും ലോക്ക് ഡൗൺ ആയപ്പോൾ ആളുകളിലെ മദ്യപാനം ക്രമാതീതമായി വർദ്ധിച്ചു. ഈയൊരു കാലഘട്ടം തന്നെയാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായവും അതുതന്നെ. ആഴ്ചയിൽ 14 യൂണിറ്റ് എന്ന മദ്യപാനത്തിലെ നിബന്ധന മറികടന്ന് അമിതമായി മദ്യപിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നതായി ചാരിറ്റി ആൽക്കഹോൾ ചേഞ്ച് യുകെയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിലകുറഞ്ഞ മദ്യം സുലഭമായി ലഭിക്കുന്ന സാഹചര്യത്തിനും, മദ്യപാനത്തിന്റെ ശക്തമായ പ്രചാരണങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ വേണമെന്നാണ് ആവശ്യം. മിനിമം യൂണിറ്റ് പ്രൈസ് പോലുള്ള നടപടികൾ മദ്യപാനം കുറയ്ക്കും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.