ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ മറ്റൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിൽ (22) ആണ് അറസ്റ്റിലായത്. രാമങ്കരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാൾ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് മറ്റൊരു പ്രതിയിലേക്ക് കൂടി പോലീസ് അന്വേഷണമെത്തിയത്.
കേസിൽ ഇനിയും പിടിയിലാവാനുള്ള പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. രാമങ്കരി ഇൻസ്പെക്ടർ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർ മുരുകൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രേംജിത്ത്, ജാസ്മിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുഭാഷ്, വിഷ്ണു എന്നിവരും നെയ്യാറ്റിൻകര പോലീസും ചേർന്നാണ് പ്രതിയെ പിടികുടിയത്.