ആലപ്പുഴ ബൈപാസ് ഉയരപ്പാത ബലപരിശോധനയ്ക്കിടെ നിർമാണത്തിനുള്ള ഗർഡർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ടോടെ വെസ്റ്റ് വില്ലേജ് ഓഫിസിന് മുന്നിൽ 68–ാം തൂണിനു സമീപമായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി.
നിർമിച്ച് 20 ദിവസം കഴിയുമ്പോഴാണ് ഗർഡറുകളിൽ ‘സ്ട്രെസിങ്’ എന്ന ബലപരിശോധന നടത്തുന്നത്. ഇതിനിടെയാണ് സംഭവം.
കോൺക്രീറ്റ് ഭാഗങ്ങൾ സമീപത്തെ വില്ലേജ് ഓഫിസിലും വീടുകളിലും തെറിച്ചു വീണു. ഗർഡറിന്റെ ഉള്ളിലേക്ക് പൈപ്പുകൾ കയറ്റി സമ്മർദം നൽകി വലിക്കുന്ന പ്രക്രിയക്കിടെയാണ് പൊട്ടിത്തെറിച്ചത്.
കോൺക്രീറ്റിന് വേണ്ടതുപോലെ ബലം ഇല്ലാത്തതാവാം പൊട്ടിത്തെറിയുടെ കാരണമെന്നും വിദഗ്ധർ പറയുന്നു. നിർമാണ കമ്പനിയുടെ ജീവനക്കാരെത്തി പൊട്ടിത്തെറിച്ച ഭാഗങ്ങൾ മാറ്റി ഗർഡർ ചാക്കിട്ടു മൂടി.