ഗുരുവായൂർ : അക്ഷയ തൃതീയ ദിനമായ ഇന്നലെ ഗുരുവായൂരിൽ ഉച്ചയ്ക്ക് ക്ഷേത്രം അടയ്ക്കും വരെ നടന്നത് 21.8 ലക്ഷം രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന. രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റിനായിരുന്നു കൂടുതൽ ആവശ്യക്കാർ. രണ്ട് ഗ്രാമിന്റെ 76 ലോക്കറ്റുകളാണ് വിറ്റഴിച്ചത്. മൂന്ന് ഗ്രാമിന്റെ 18 എണ്ണവും, അഞ്ച് ഗ്രാമിന്റെ 11 എണ്ണവും പത്ത് ഗ്രാമിന്റെ അഞ്ച് എണ്ണവുമാണ് വിറ്റത്. 1.43 ലക്ഷത്തിന്റെ 287 വെള്ളി ലോക്കറ്റും വിറ്റഴിച്ചു.
ഇന്നലെ ക്ഷേത്രത്തിന് ദർശനത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വരി നിന്ന ഭക്തർ മുഴുവൻ ദർശനം നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30നാണ് ക്ഷേത്ര നട അടച്ചത്. ഒടുവിൽ ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. വരിയിൽ നിൽക്കാതെ 5 പേർക്ക് ദർശനം നടത്താൻ സാധിക്കുന്ന 4,500 രൂപയുടെ നെയ് വിളക്ക് 105 പേരും ഒരാൾക്ക് ദർശനം നടത്താൻ സാധിക്കുന്ന 1,000 രൂപയുടെ നെയ് വിളക്ക് 1,392 പേരും ശീട്ടാക്കി ദർശനം നടത്തി. ഈ ഇനത്തിൽ മാത്രം 18 ലക്ഷം രൂപയാണ് ലഭിച്ചത്. 5.3 ലക്ഷം രൂപയുടെ പാൽപ്പായസവും 1.7ലക്ഷം രൂപയുടെ നെയ്പ്പായസവും ഭക്തർ ശീട്ടാക്കി. തുലാഭാരം വഴിപാട് നടത്തിയ വകയിൽ 15 ലക്ഷം രൂപയും ലഭിച്ചു. ഭണ്ഡാര ഇതര വരുമാനമായി ഉച്ചവരെ 73.87 ലക്ഷം രൂപയാണ് കൗണ്ടറിൽ ലഭിച്ചത്.