മൂന്നാർ: മൂന്നാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പെരിയവരെ ലോവർ ഡിവിഷനിലാണ് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളെയാണ് കൊന്നത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായും നാട്ടുകാർ പറഞ്ഞു.
അതേസമയം, കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ് പൊലീസ് വിലയിരുത്തല്‍. സാധാരണ കമ്പി കൊണ്ടല്ല വേലി നിർമിച്ചത്, ഏറെ പരിശ്രമിച്ചിട്ടും പുലിക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also: വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നുണ്ടോ?; ഈ നമ്പരില്‍ ബന്ധപ്പെടുക, നിർദ്ദേശവുമായി കെഎസ്ഇബി