കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് രോഗബാധ കണ്ടെത്തിയത്. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.(Again monkey pox positive in kannur)
ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്താണ് എംപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ് അഥവാ മങ്കിപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് എംപോക്സ് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും കണ്ടു തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.