ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്.
അതേസമയം സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുകയാണ്. 40 രൂപയാണ് രണ്ടാഴ്ചക്കിടെ വർദ്ധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴിവില കുറയുമോ എന്ന ആശങ്കയിലാണ് ഫാമുടമകൾ.