കോട്ടയം: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പുത്തൻപുരയിൽ ഔസേപ്പ് മാത്യുവിന്റെ താറാവുകൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ബി വിഘ്നേശ്വരി അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചത്. അഞ്ചരമാസം പ്രായമുള്ള 18,000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും.
പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പക്ഷികളുടെയും ഉല്‍പ്പന്നങ്ങളുടെയും വിപണനവും മറ്റും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന പായിപ്പാട് പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലും ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച മുതല്‍ ജൂണ്‍ രണ്ടു വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിനും കടത്തലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also: അരളിയില കഴിച്ചു; നെയ്യാറ്റിൻകരയിൽ ആറ് പശുക്കൾ ചത്തു
Read Also:നടുറോഡിൽ പോലീസുകാരെ വിറപ്പിക്കുന്ന നടി; നിവേദ പൊതു രാജിൻ്റെ വീഡിയോ വൈറൽ
Read Also: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണത്തിനിരയായത് എറണാകുളം സ്വദേശിയായ പത്തു വയസ്സുകാരി