കോഴിക്കോട്: ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി വെന്റിലേറ്ററിലായിരുന്നു.(After the baby died due to rupture of the womb, the mother also died)
യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അശ്വതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ ഇതിന് തയ്യാറായില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. അല്‍പസമയത്തിന് ശേഷം ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.