പാലക്കാട്: ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാർഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകി.
പാലക്കാട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടൽമുറികൾ തിരഞ്ഞെടുപ്പു നടക്കുന്ന 20 വരെ ‘ഫുൾ’ ആണ്.
തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം 23നു തന്നെ ജനവിധി അറിയാമെന്ന പ്രത്യേകതയുമുണ്ട്.
വൈകീട്ട് ആറു മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം സമാപിക്കുക. കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക.
മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
എല്‍ഡിഎഫിനായി ഡോ. പി സരിനും യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപിയുടെ സി കൃഷ്ണകുമാറുമാണ് പാലക്കാട് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.