സെന്റ് വിൻസെന്റ്: ടി20 ലോകകപ്പിൽ തങ്ങൾക്കും സെമി ഫൈനലിനുമിടയിൽ അവസാനം വരെ വിലങ്ങുതടിയായി നിന്ന ലിറ്റൺ ദാസിന്റെ വെല്ലുവിളി അതിജീവിച്ച അഫ്ഗാനിസ്താൻ ചരിത്രം കുറിച്ചു. ടി20 ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിൽ ഇടം നേടിയിരിക്കുകയാണ് അഫ്ഗാൻ. സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിലെ അവസാന റൗണ്ട് മൽസരത്തിൽ ബംഗ്ലാദേശിനെ ഡെക്ക്‌വർത്ത് ലൂയിസ് നിമയപ്രകാരം എട്ടു റൺസിനാണ് അഫ്ഗാൻ വീഴ്ത്തിയത്.Afghanistan made history in T20 World Cup
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ എട്ട് റൺസിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയയും സൂപ്പർ എട്ടിൽ പുറത്തായി. സെമിയിൽ ദക്ഷിണാഫ്രിക്കയാണ്, അഫ്ഗാനിസ്ഥാന്റെ എതിരാളി. 116 റൺസ് വിജയലക്ഷ്യാണ് അഫ്ഗാൻ മുന്നോട്ടു വച്ചത്. എന്നാൽ ഇടവിട്ട് മഴ പെയ്തതിനെ തുടർന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറിൽ എല്ലാവരും പുറത്തായി.
12.1 ഓവറിൽ ജയിച്ചിരുന്നെങ്കിൽ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കിൽ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാൽ അഫ്ഗാൻ പോരാട്ടവീര്യം പുറത്തെടുത്തപ്പോൾ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു.
മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. തൻസിദ് ഹസൻ (0), നജ്മുൽ ഹുസൈൻ ഷാന്റെ (5), ഷാക്കിബ് അൽ ഹസൻ (0) എന്നിവർ 23 റൺസിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സർക്കാർ (10) എന്നിവരും വിക്കറ്റ് നൽകിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറിൽ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു.
അടുത്തടുത്ത പന്തുകളിൽ മഹ്മുദുള്ള (6), റിഷാദ് ഹുസൈൻ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാൻ, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീടുള്ള പ്രതീക്ഷ ലിറ്റൺ ദാസിൽ (49 പന്തിൽ പുറത്താവാതെ 54) മാത്രമായിരുന്നു. എന്നാൽ തസ്‌നിം ഹസനെ (3) ഗുൽബാദിൻ നെയ്ബും ടസ്‌കിൻ അഹമ്മദ് (2), മുസ്തഫിസുർ റഹ്മാൻ (0) എന്നിവരെ നവീൻ ഉൽ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീർന്നു. കൂടെ ഓസ്‌ട്രേലിയയും. നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ടൂർണമെന്റിൽ ഒരിക്കൽക്കൂടി മികച്ച തുടക്കമാണ് ഗുർബാസ്- സദ്രാൻ സഖ്യം അഫ്ഗാനു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർക്കാൻ ഈ സഖ്യത്തിനു സാധിച്ചു. ആറിനടുത്ത് ഇക്കോണമി റേറ്റിലാണ് ഇരുവരും സ്‌കോർ ചെയ്തു കൊണ്ടിരുന്നത്. മികച്ചൊരു തുടക്കം കിട്ടിയതിനാൽ തന്നെ 150-160 റൺസെങ്കിലും അഫ്ഗാൻ അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
11ാം ഓവറിലെ നാലാമത്തെ ബോളിലാണ് സദ്രാൻ പുറത്തായത്. ഒമ്പതു വിക്കറ്റുകൾ കൈവശമുണ്ടായിട്ടും ഒമ്പതോവറിൽ വെറും 56 റൺസ് മാത്രമേ അഫ്ഗാനു അടിച്ചെടുക്കാനായുള്ളു. നാലു വിക്കറ്റുകൾ ഇതിനിടെ നഷ്ടപ്പെടുത്തുകയും ചെയ്തു. ഒമ്പതു റൺസിനിടെയാണ് നാലു വിക്കറ്റുകൾ അവർ കളഞ്ഞുകുളിച്ചത്.
സദ്രാൻ മടങ്ങിയ ശേഷം രണ്ടാം വിക്കറ്റിൽ ഗുർബാസ്- അസ്മത്തുള്ള ജോടി 25 റൺസ് നേടിയിരുന്നു. പക്ഷെ 16ാം ഓവറിൽ ടീം സ്‌കോർ 84ൽ നിൽക്കെ അസ്തമുള്ള പുറത്തായ ശേഷം അഫ്ഗാന് തുടരെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. രണ്ടിനു 84ൽ നിന്നും അഫ്ഗാൻ അഞ്ചിനു 93ലേക്കു വീഴുകയും ചെയ്തു. റാഷിദിന്റെ ഫിനിഷിങാണ് അഫ്ഗാനെ 115 വരെയെങ്കിലും എത്തിച്ചത്.
10 ബോളുകൾ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സിൽ മൂന്നു സിക്‌സറുകളുൾപ്പെട്ടിരുന്നു. ഗുർബാസിനെപ്പോലെ മധ്യനിരയിൽ ഏതെങ്കിലുമൊരു താരം മികച്ചൊരു ഇന്നിങ്‌സ് കളിച്ചിരുന്നെങ്കിൽ അഫ്ഗാന് കൂടുതൽ മെച്ചപ്പെട്ട ടോട്ടലിലേക്കു എത്താൻ സാധിക്കുമായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത സ്പിന്നർ റിഷാദ് ഹൊസെയ്‌നാണ് അഫ്ഗാൻ ബാറ്റിങ് നിരയെ തളച്ചത്. ടസ്‌കിൻ അഹമ്മദും മുസ്തഫിസുർ റഹ്മാനും ഓരോ വിക്കറ്റുകൾ വീതമെടുത്തു.