തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി യുവാക്കളുടെ അപകട യാത്ര. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേർക്കുമെതിരെയാണ് കേസെടുത്തത്.(Adventure travel on top of the bus; Police registered a case against five people)
മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്.
ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരെയാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്തതിന് കേസെടുത്തത്. അപകട യാത്രയ്ക്ക് വഴിയൊരുക്കിയതിനാണ് ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നടപടിയെടുത്തത്.
ബസ് നിലവിൽ മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.