എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വൻറി20 സ്ഥാനാർത്ഥി ആന്റണി ജൂഡിയുടെ ഇന്നത്തെ പര്യടനം തൃപ്പുണിത്തുറ നിയോജകമണ്ഡലത്തിലെ ഇരുമ്പനത്ത് നിന്നുമാണ് ആരംഭിച്ചത്. പ്രമുഖ സിനിമ നടനും സംവിധായകനും ട്വന്റി20 പാർട്ടിയുടെ അഡ്വൈസറി ബോർഡ് മെമ്പറുമായ ശ്രീനിവാസനെ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
ഏരൂർ, കുരീക്കാട്, ചൂരക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പ്രവശിച്ച പര്യടനത്തിലുടനീളം മികച്ച ജനകീയ പിന്തുണ ആന്റണി ജൂഡിക്ക് ലഭിച്ചു. കുരീക്കാട് സെന്റ് ജൂഡ് പള്ളി വികാരി ഫാദർ ലിജോ വടത്തക്കലുമായി സ്ഥാനാർത്ഥി കൂടിക്കാഴ്ച നടത്തി. പ്രദേശത്തിന്റെ വികസന കാഴ്ചപ്പാടുകൾ, പുതിയ വികസന മേഖലകൾ, ന്യൂനതകൾ എന്നിവയെല്ലാം പഠിച്ചും സ്ഥലവാസികളോട് ചോദിച്ചറിഞ്ഞുമാണ് പര്യടനം പുരോഗമിച്ചത്. ട്വന്റി20 പാർട്ടി വൈസ് പ്രസിഡന്റ് വി ഗോപകുമാർ, തൃപ്പൂണിത്തുറ നിയോജകമണ്ഡലം കോഓർഡിനേറ്റർ അബ്രഹാം പി.വി. തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.