കോഴിക്കോട്: നിപവൈറസ് പടരാതിരിക്കാൻ കൂടുതൽ മുൻകരുതലുകൾ തുടരുന്നു. കേരളാ – തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കി. മലപ്പുറം പാണ്ടിക്കാട്ടെ ബാധയെ തുടർന്ന് യാത്രക്കാർക്ക് മാസ്ക്ക് നിർബന്ധമാക്കി. കൂടാതെ ശരീരോഷ്മാവ് പരിശോധിക്കുകയും ചെയ്യും.Additional precautions are being taken to prevent the spread of Nipavirus
ആശങ്ക പതിയെ ഒഴിയുന്നതിനിടെ കേരളാ അതിർത്തിയിൽ തമിഴ്‌നാട് തുടങ്ങി. താളൂരിലാണ് ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ പരിശോധിക്കുന്നുണ്ട്. യാത്രക്കാരോട് മാസ്ക് ധരിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരോടും ആരോഗ്യവകുപ്പ് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ മുതലാണ് പരിശോധന തുടങ്ങിയത്. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതേസമയം നിപ ബാധിച്ച് പാണ്ടിക്കാട് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 35 പേരുടെ പരിശോധനാ ഫലം ഇതിനകം നെഗറ്റീവായിട്ടുണ്ട്.
നിലവിൽ ഹൈ റിസ്ക്ക് വിഭാഗത്തിലുള്ള 220 പേരടക്കം 460 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിനിടെ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച രണ്ട് സംഭവങ്ങളിൽ പൊലീസ് കേസെടുത്തു. നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെയും സൈബർ നിയമത്തിലെയും വകുപ്പുകൾ ചുമത്തി നടപടിയെടുക്കാൻ ജില്ലാപൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തെത്തിയിട്ടുണ്ട്. സംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കും.