ഭർത്താവിന്റെ മദ്യപാനം കാരണം താൻ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി സുമ ജയറാം. മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്ന താരമാണ് സുമ ജയറാം. 37-ാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ വിവാഹം കഴിച്ചത്.
പിന്നീട് 47-ാം വയസിലാണ് സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. മദ്യപിച്ചാലും സ്‌മോക്ക് ചെയ്താലും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്താൻ അവരുടെ അച്ഛനെ ചൂണിക്കാണിച്ച് കൊടുക്കും എന്നാണ് സുമ പറയുന്നത്.
”എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആൽക്കഹോളിക്ക് മാത്രമല്ല ചെയിൻ സ്‌മോക്കറാണ്.
എന്റെ മക്കൾ ചെറുതാണ് അവർക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്‌മോക്കിങ്, നോ ഡ്രിങ്ക്‌സ്, നോ ഡ്രഗ്‌സ്, നോ ബാഡ് ഫ്രണ്ട്‌സ്.. ഈ നാല് കാര്യങ്ങളാണ് മക്കൾ എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ രാവിലെ ആദ്യം പറയുന്നത്.”
”ആൺകുട്ടികൾ ആയതുകൊണ്ട് ഭാവിയിൽ ഒരു തവണയെങ്കിലും സ്‌മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവർക്ക് ബോധ്യം ഉണ്ടാകണം.
അതിന് വേണ്ടി ഞാൻ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്‌മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും.”
”വിവാഹത്തിന് ശേഷം ഞാൻ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങൾ കൊണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭർത്താവിന്റെ മദ്യപാനവും സ്‌മോക്കിങ്ങുമാണ്” എന്നാണ് സുമ ജയറാം ഒരു ഓൺലൈൻ മീഡിയയിൽ നൽകിയ അഭിമുഖത്തിൽ പറയുന്നത്.
1988ൽ ഉൽസവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടർന്ന് കുട്ടേട്ടൻ, വചനം, നാളെ എന്നുണ്ടെങ്കിൽ, എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല, മഴയെത്തും മുൻപെ, ക്രൈം ഫയൽ, ഇഷ്ടം, ഭർത്താവുദ്യോഗം തുടങ്ങി നിരവധി ചിത്രങ്ങളിൽ സുമ ജയറാം അഭിനയിച്ചിട്ടുണ്ട്.