മലയാള സിനിമ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നൽകിയ നടി പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. Actress seeks anticipatory bail in high court in POCSO case
നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്.
നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്. സംഭവം നടക്കുമ്പോൾ തനിക്ക് 16 വയസ്സായിരുന്നു പ്രായമെന്നും സിനിമ ഓഡിഷനെന്നു പറഞ്ഞു തന്നെ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു യുവതി പറയുന്നു.
ഓഡിഷനെന്നു പറഞ്ഞ് ഒരു സ്ഥലത്തു കൊണ്ടുപോയെന്നും അവിടെയുണ്ടായിരുന്ന പുരുഷന്മാർ തന്നെ തൊടുകയും മറ്റും ചെയ്തെന്നും യുവതി പറഞ്ഞു. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതി, അവർ നല്ലപോലെ നോക്കുമെന്ന് നടി തന്നോടു പറഞ്ഞതായും യുവതി പറയുന്നു.
പരാതി ഉന്നയിച്ച യുവതിയുടെയും കുടുംബത്തിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഷയത്തിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.